'ഇന്ത്യൻ ലേബർ കോൺഫറൻസ്'​ പുന:രാരംഭിക്കണമെന്ന്​ പ്രതിപക്ഷം

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സ്വാതന്ത്ര്യലബ്​ധി തൊട്ട്​ പതിവായി നടന്നുവന്നിരുന്ന 'ഇന്ത്യൻ ലേബർ കോൺഫറൻസ്' (ഐ.എൽ.സി)​​ പുനരാരംഭിക്കണമെന്ന്​ രാജ്യസഭയിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ തൊഴിൽ മന്ത്രാലയ​ത്തെ കുറിച്ച്​ രാജ്യസഭ നടത്തിയ ചർച്ചയിലും ഈ ആവശ്യം നിറഞ്ഞുനിന്നു.

ശൂന്യവേളയിൽ തന്നെ വിഷയം ഉയർത്തി ഡി.എം.കെ നേതാവ്​ എം. ഷൺമുഖമാണ്​ ഇന്ത്യൻ ലേബർ കോൺഫറൻസ്​ ​ പുന:രാരംഭിക്കണമെന്ന ​ആവശ്യം ആദ്യം ഉന്നയിച്ചത്​. കേരള എം.പിമാർ അടക്കം പ്രതിപക്ഷത്തെ വലിയൊരു വിഭാഗം എം.പിമാരും അതിനെ പിന്തുണച്ചു. 1940നും 1948നുമിടയിൽ ആറോ ഏഴോ ഇന്ത്യൻ ​തൊഴിലാളി സമ്മേളനങ്ങൾ നടന്നിരുന്നുവെന്നും അംബേദ്​കർ അടക്കമുള്ളവർ പ​​ങ്കെടുത്ത ഇൗ സമ്മേളനങ്ങളാണ്​ രാജ്യത്തെ മുഴുവൻ തൊഴിൽ നിയമങ്ങളും ക്രോഡീകരിച്ച്​ ​ ഒരു കേ​ന്ദ്ര നിയമത്തിന്​ രൂപം നൽകിയതെന്നും ഷൺമുഖം പറഞ്ഞു.

അതിൽ പിന്നെ വർഷം തോറും ചുരുങ്ങിയത്​ രണ്ട്​ വർഷത്തിലൊരിക്കലെങ്കിലും ലേബർ കോൺഫറൻസ് നടന്നുവരികയായിരുന്നു​. എന്നാൽ 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ​​​ങ്കെടുത്ത 45ാമത്​ ഐ.എൽ.സിയോടെ ഇത് നി​ർത്തലാക്കുകയായിരുന്നു. എല്ലാ തൊഴിലാളി പ്രശ്നങ്ങളും ചർച്ച ചെയ്ത്​ വന്നിരുന്ന ഏറ്റവും മികച്ച ത്രികക്ഷി സമ്പ്രദായമായിരുന്നു ലേബർ കോൺഫറൻസ്​. അത് നടന്നിരുന്നുവെങ്കിൽ 30 കോടി തൊഴ​ിലാളികൾക്ക്​ രണ്ട്​ ദിവസം പണിമുടക്കേണ്ടി വരില്ലായിരുന്നുവെന്ന്​ ഷൺമുഖം പറഞ്ഞു.

തൊഴിലുടമയും തൊഴിലാളിയും സർക്കാറും ചേർന്നിരിക്കുന്ന ഇന്ത്യൻ ​തൊഴിലാളി സമ്മേളനങ്ങൾ രൂപം കൊടുത്തിരുന്ന കമ്മിറ്റികൾ ചർച്ച നടത്തിയാണ്​ കേന്ദ്ര സർക്കാർ പുതിയ തൊഴിലാളി നയങ്ങൾ രൂപപ്പെടുത്തിയിരുന്നതെന്ന്​ കോൺഗ്രസ്​ നേതാവ്​ ദ്വിഗ്​വിജയ്​ സിങ്ങ്​ പറഞ്ഞു. മോദി സർക്കാർ വന്ന ശേഷം 2015ാടെ അത്​ നിർത്തലാക്കിയപ്പോൾ നിരന്തരം സമരം ചെയ്തിട്ട്​ പോലും തൊഴിലാളി സംഘടനകളെ സർക്കാറോ തൊഴിൽ മന്ത്രിയോ ചർച്ചക്ക്​ വിളിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിലാളികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ക്കണമെന്ന ആവശ്യത്തെ​ സി.പി.എം രാജ്യസഭാ നേതാവ്​ എളമരം കരീമും സി.പി.ഐ നേതാവ്​ ബിനോയ് വിശ്വവും പിന്തുണച്ചു.​ ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കര്‍ വിഭാവനം ചെയ്ത ആശയമാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് എന്ന്​ കരീം പറഞ്ഞു. തൊഴിലാളികളുടെ പക്ഷത്ത്​ നിൽക്കുന്നതിന്​ പകരം മുതലാളിമാരുടെ പക്ഷത്താണ്​ കേന്ദ്ര സർക്കാർ നിൽക്കുന്നതെന്ന്​ ആം ആദ്​മി പാർട്ടി നേതാവ്​ സഞ്​ജയ്​ സിങ്ങ്​ കുറ്റപ്പെടുത്തി.


Tags:    
News Summary - Opposition demands resumption of 'Indian Labor Conference'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.