ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് വംശഹത്യയിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി നിരോധനം ലംഘിച്ച് പ്രതിപക്ഷം പങ്കുവെച്ചു. ഇതോടെ വിഷയത്തിൽ കേന്ദ്ര സർക്കാറും പ്രതിപക്ഷവും തമ്മിൽ പുതിയ പോർമുഖം തുറന്നു. നിരോധനത്തെ എതിർക്കുന്നത് ‘തുക്ഡെ തുക്ഡെ ഗ്യാങ്’ ആണെന്ന് ആരോപിച്ച കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സുപ്രീംകോടതിയേക്കാളും ചിലർക്ക് ബി.ബി.സി മുകളിലാണെന്ന് കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാറിന്റെ നിരോധനം ലംഘിച്ച് പല പ്രതിപക്ഷ നേതാക്കളും ഞായറാഴ്ചയും ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ ലഭ്യമായ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതേ തുടർന്ന് ബി.ബി.സിയുടെ 50ലേറെ ട്വീറ്റുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് നിർദേശിച്ചു. സത്യം പറയുന്നത് വിമതപ്രവർത്തനമാണെങ്കിൽ തങ്ങൾ വിമതരാണെന്ന് പറഞ്ഞ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര നിരവധി ട്വീറ്റുകളുടെ ലിങ്കുകൾ ഒരുമിച്ച് ട്വീറ്റ് ചെയ്തു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തെ പ്രതിനിധാനംചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ടത് സെൻസർഷിപ് സ്വീകരിക്കാനല്ലെന്ന് മഹുവ മൊയ്ത്ര വ്യക്തമാക്കി.
താൻ ട്വിറ്ററിലൂടെ പങ്കുവെച്ച ലിങ്ക് കേന്ദ്ര സർക്കാർ നീക്കം ചെയ്തുവെന്ന് ശനിയാഴ്ച വ്യക്തമാക്കിയ തൃണമൂൽ കോൺഗ്രസ് രാജ്യസഭ നേതാവ് ഡെറിക് ഒബ്റേൻ ഒരു ലിങ്ക് ഇപ്പോഴും ലഭ്യമാണെന്നുപറഞ്ഞ് ഞായറാഴ്ച ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ടാഗ് ചെയ്ത ഡെറിക് ഒബ്റേൻ സെൻസർഷിപ് ഏർപ്പെടുത്തി തന്റെ പോസ്റ്റ് നീക്കിയാലും ഡോക്യുമെന്ററി മൂന്നു ദിവസത്തേക്കു കാണാമെന്നു പറഞ്ഞ് ലിങ്ക് ട്വീറ്റ് ചെയ്തു. ശിവസേന നേതാവ് പ്രിയങ്ക ചൗധരി എം.പിയും സെൻസർഷിപ് ചോദ്യംചെയ്തു.
ഇന്ത്യയിൽ ചിലർക്ക് ബി.ബി.സി സുപ്രീംകോടതിക്കും മുകളിലാണെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു കുറ്റപ്പെടുത്തി. അവരുടെ ധാർമിക യജമാനന്മാരെ പ്രീതിപ്പെടുത്താൻ ഏതറ്റം വരെയും പോയി രാജ്യത്തിന്റെ അന്തസ്സും പ്രതിച്ഛായയും താഴ്ത്തുകയാണ്.
രാജ്യത്തിന്റെ ശക്തി ക്ഷയിപ്പിക്കാൻ മാത്രം ലക്ഷ്യമിടുന്ന ഈ തുക്ഡെ തുക്ഡെ ഗ്യാങ്ങിൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും റിജിജു കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.