‘സിന്ദൂര തിലകം’ അഭിമാനത്തിന്‍റെ പ്രതീകം; ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിന് പിന്നിൽ...!

ന്യൂഡൽഹി: പാക് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ കര​, നാവിക, വ്യോമസേനകൾ കൂട്ടായി നടത്തിയ ശക്തമായ ആക്രമണം ലോകമെങ്ങും അലയൊലി തീർത്തത് സ്വാഭാവികം. പഹൽഗാം ഭീകരാക്രമണത്തിന് ഉചിത തിരിച്ചടിയായി രാജ്യം ഇതിനെ ഏറ്റെടുക്കുകയും ചെയ്തു. ​ഈ സൈനിക ദൗത്യത്തിന് നൽകിയ പേരും വേറിട്ടതായി- ‘ഓപറേഷൻ സിന്ദൂർ’.

സിന്ദൂരക്കുറി ചാർത്തിയ ഹിന്ദു സ്ത്രീകൾ മതത്തിന്റെ പേരു ചോദിച്ച് പഹൽഗാമിൽ ആക്രമിക്കപ്പെട്ടത് കൂടി ദ്യോതിപ്പിക്കാനാണ് ഈ പേരു നൽകിയത്. സൈനികർ അഭിമാനപൂർവം അണിയുന്നത് കൂടിയാണ് സിന്ദൂര തിലകം. ഏപ്രിൽ 22ന് പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരർ ഓരോരുത്തരോടും പേരു ചോദിച്ച് കൊല​ നടത്തുകയായിരുന്നു. 26 പേരാണ് കൊല്ലപ്പെട്ടത്. മതം ലക്ഷ്യമിട്ടുവെന്ന് വ്യക്തമാക്കപ്പെട്ടതിനാൽ സൈനിക ദൗത്യത്തിനും അതേ പേര് നൽകാൻ തീരുമാനമെടുക്കുകയായിരുന്നു.

ബുധനാഴ്ച പുലർച്ചെയാണ് നാവിക സേനയും വ്യോമസേനയും ഒപ്പം കരസേനയും ചേർന്ന് ആക്രമണം നടത്തിയത്. പാകിസ്താനിൽ മാത്രമല്ല, പാക് അധീന കശ്മീരിലും ഭീകര കേന്ദ്രങ്ങൾ തകർത്തായിരുന്നു ഇന്ത്യയുടെ സൈനിക നീക്കം. ‘‘അൽപം മുമ്പ്, ഇന്ത്യൻ സായുധ സേന ഓപറേഷൻ സിന്ദൂർ നടത്തി. ഇന്ത്യക്കെതിരായ ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയ പാകിസ്താനിലെയും പാക് അധീന ജമ്മു കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ തകർത്തു. ഒമ്പതിടങ്ങളിലായിരുന്നു ആക്രമണം’’- ഇന്ത്യൻ സേന പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

നാല് ജയ്​ശെ മുഹമ്മദ്​, മൂന്ന് ലശ്​കറെ ത്വയ്യിബ, രണ്ട് ഹിസ്​ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 22ലെ വിധവ​കളെ ഓർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ‘ഓപറേഷൻ സിന്ദൂർ’ എന്ന് പേരിട്ടത്. ഹരിയാനക്കാരിയായ ഹിമാൻഷി നർവാൽ, യു.പി സ്വദേശി ഐശന്യ ദ്വിവേദി, ഗുജറാത്തുകാരായ ശീതൾ കലാത്തിയ, കാജൽബെൻ പാർമർ, കൊൽക്കത്ത സ്വദേശി സോഹിനി അധികാരി, മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഗതി ജഗ്ദലെ, മലയാളിയായ ശീല രാമചന്ദ്രൻ, മധ്യപ്രദേശ് സ്വദേശി ജെന്നിഫർ നഥാനിയേൽ, ജയ മിശ്ര എന്നിവരുടെ ഭർത്താക്കന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നാവിക ഓഫീസർ ലഫ്. വിനയ് നർവാളുമായി ഹിമാൻഷി നർവാലിന്റെ വിവാഹം ആറു ദിവസം മുമ്പ് നടന്നതായിരുന്നു. മധുവിധു ആഘോഷത്തിനായാണ് ഇരുവരും ജമ്മു കശ്മീരിലെത്തിയിരുന്നത്.

പഹൽഗാമിൽ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടി നൽകാൻ സൈന്യത്തിന് സർക്കാർ പൂർണ അധികാരം നൽകിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Operation Sindoor: In the name is India's message, both humane and heroic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.