കേരളത്തിലേതു പോലെയുള്ള ഗവർണറെയല്ല വേണ്ടത്, സ്വതന്ത്രരായി പ്രവർത്തിക്കുന്നവരാകണം -ജസ്റ്റിസ് ആർ.എഫ്. നരിമാൻ

ന്യൂഡൽഹി: നിയമസഭ പാസ്സാക്കുന്ന ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി മുൻ ജസ്റ്റിസ് ആർ.എഫ്. നരിമാൻ. സ്വതന്ത്രരായി പ്രവർത്തിക്കുന്നവരെയാണ് ഗവർണർ സ്ഥാനത്ത് നിയമിക്കേണ്ടതെന്നും അല്ലാത്തപക്ഷം ഭരണസംവിധാനം തന്നെ സ്തംഭനാവസ്ഥയിലാകുമെന്നും കേരള ഗവർണറെ പ്രത്യേകം പരാമർശിച്ചുകൊണ്ട് അദ്ദേഹം വിമർശിച്ചു.

23 മാസമാണ് കേരള ഗവർണർ നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ വൈകിപ്പിച്ചതെന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. എട്ട് ബില്ലുകളാണുണ്ടായിരുന്നത്. വിഷയം സുപ്രീംകോടതിയിലെത്തിയപ്പോൾ അദ്ദേഹം ചെയ്തതാവട്ടെ, ഒരു ബില്ലിൽ ഒപ്പിടുകയും ഏഴ് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയും ചെയ്തു. ഇത് വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു യാഥാർഥ്യമാണ്. ഇത്തരത്തിൽ എല്ലാം രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുകയാണെങ്കിൽ സംസ്ഥാനത്തെ ഭരണസംവിധാനം തന്നെ സ്തംഭനാവസ്ഥയിലാകും. ഗവർണർ ഒരു ബില്ല് തിരിച്ചയക്കുന്നത് പോലെയല്ല ഇത്. കേന്ദ്രത്തിന്‍റെ വാതിലിന് മുന്നിൽ ഈ ബില്ല് എത്തുകയും കേന്ദ്രം നോ പറയുകയും ചെയ്താൽ അതോടെ ആ ബില്ലിന്‍റെ അവസാനമാണ് -അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഭരണഘടനയെ കുറിച്ചുള്ള ഒരു സെമിനാറിൽ സംസാരിക്കവേയായിരുന്നു ജസ്റ്റിസ് നരിമാന്‍റെ പ്രസ്താവന.

ബില്ലുകൾ മൊത്തത്തിൽ രാഷ്ട്രപതിക്ക് അയക്കുന്ന ഒരു ഗവർണറാണ് സംസ്ഥാനത്തുള്ളതെങ്കിൽ നിയമനിർമാണ പ്രവർത്തനങ്ങൾ തന്നെ സ്തംഭനാവസ്ഥയിലായേക്കാം. ഗവർണർമാരായി നിയമിക്കപ്പെടുന്നവർ സ്വതന്ത്രരായിരിക്കണം. അല്ലെങ്കിൽ ഈ സംവിധാനം മുഴുവനായി തന്നെ തകരും. ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയുടെ ഭാഗമായ വ്യക്തിയാണ് ഗവർണറെങ്കിൽ ഗവർണറുടെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ടുപോകില്ല. ഗവർണറുടെ പദവിയിലെത്തേണ്ടത് സ്വതന്ത്രരായി പ്രവർത്തിക്കുന്നവർ മാത്രമാണെന്ന് സുപ്രീംകോടതി വിധിക്കുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്. അത് ഇന്ന് നമ്മൾ കാണുന്ന തരത്തിലുള്ളവരല്ല. കേരളത്തിലേത് പോലെ ബില്ലുകൾക്ക് മുകളിൽ ഉറങ്ങിക്കിടക്കുകയും പിന്നീട് അവയൊന്നാകെ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്യുന്ന രീതിയിലുള്ളവരല്ല -ജസ്റ്റിസ് നരിമാൻ പറഞ്ഞു. 

Tags:    
News Summary - Only Independent Functionaries Must Be Appointed As Governors, Not Like We Have In Kerala : Justice RF Nariman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.