രണ്ടാഴ്ചക്കിടെ 100 അപേക്ഷകൾ മാത്രം; റിട്ട. സൈനിക ഡോക്ടർമാരെ കോവിഡ് സേവനത്തിന് നിയോഗിക്കുന്നതിനോട് തണുപ്പൻ പ്രതികരണം

ന്യൂഡൽഹി: സൈന്യത്തിൽ നിന്ന് വിരമിച്ച ഡോക്ടർമാരെ കോവിഡ് സേവനത്തിന് നിയോഗിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തോട് തണുപ്പൻ പ്രതികരണം. പ്രഖ്യാപനം നടത്തി രണ്ടാഴ്ച പിന്നിട്ടിട്ടും കോവിഡ് സേവനത്തിന് സന്നദ്ധരായ 100 പേരുടെ അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. 400 ഡോക്ടർമാരെ ഒരു വർഷത്തേക്ക് ഡ്യൂട്ടിയിൽ നിയോഗിക്കാനായിരുന്നു പ്രതിരോധ വകുപ്പ് ലക്ഷ്യമിട്ടത്.

മേയ് എട്ടിനാണ് ഇതു സംബന്ധിച്ച ഉത്തരവുണ്ടായത്. കോവിഡ് മൂന്നാം തരംഗം കൂടി വരാനുണ്ടെന്ന സാഹചര്യത്തിലായിരുന്നു ഈയൊരു നീക്കം. 2017നും 2021നും ഇടയിൽ വിരമിച്ച ഡോക്ടർമാരെയാണ് കേന്ദ്രം ലക്ഷ്യമിട്ടത്.

മികച്ച പ്രതികരണം ഉണ്ടാകുമെന്നും കൂടുതൽ അപേക്ഷകരെത്തുമെന്നുമായിരുന്നു കരുതിയതെന്ന് ഒരു സൈനികോദ്യോഗസ്ഥൻ വ്യക്തമാക്കി. ഇവരെ എത്രയും വേഗം ഡ്യൂട്ടിയിൽ നിയോഗിക്കാമെന്നായിരുന്നു കരുതിയത്. റിക്രൂട്ട്മെൻറ് നാലു മാസം കൂടി തുടരുമെന്നും കൂടുതൽപേർ തയ്യാറായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണെങ്കിലും ഒരു മൂന്നാം തരംഗം മുന്നിൽകണ്ടുകൊണ്ട് റിക്രൂട്ട്മെൻറ് തുടരും -അദ്ദേഹം വ്യക്തമാക്കി.

അത്ര ആകർഷകമല്ലാത്ത ഓഫർ ആയതിനാലാകാം ഡോക്ടർമാർ സേവനത്തിന് തിരികെ വരാൻ മടിക്കുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. റിട്ടയർമെൻറിനു ശേഷം ഡോക്ടർമാർ ഓരോ ചുമതലകളിലേക്ക് മടങ്ങിയിട്ടുണ്ടാകും. 11 മാസത്തെ സേവനത്തിനായി തിരികെ വരണമെങ്കിൽ അത്രയും മികച്ച ഓഫർ ആയിരിക്കണം അവർക്ക് നൽകേണ്ടത് -സൈന്യത്തിലെ ഒരു ഡോക്ടർ വ്യക്തമാക്കി.

വിരമിക്കുന്ന സമയത്തെ ശമ്പളത്തിൽനിന്ന് ഇപ്പോൾ ലഭിക്കുന്ന പെൻഷൻ കുറച്ചുള്ള തുകയാണ് സേവനത്തിന് പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. ബാധകമായ ഇടങ്ങളിൽ സ്പെഷ്യൽ ശമ്പളം ലഭിക്കുമെങ്കിലും മറ്റ് അലവൻസുകൾ ഇവർക്ക് ലഭിക്കില്ല.

സൈന്യത്തിൽ നിന്ന് വിരമിക്കുന്ന ഡോക്ടർമാർ ഭൂരിഭാഗവും നാട്ടിലെത്തി ചികിത്സാരംഗത്ത് തന്നെ തുടരുകയാണ് പതിവ്. അതിനാൽ ഏറെപ്പേരും ഇപ്പോൾതന്നെ കോവിഡിനെതിരായ പോരാട്ട രംഗത്ത് തന്നെയാണെന്ന് സൈന്യത്തിൽ നിന്ന് വിരമിച്ച ഒരു ഡോക്ടർ വ്യക്തമാക്കി.

Tags:    
News Summary - Only 100 applications in 2 weeks as MoD plans to post retired military doctors on Covid duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.