ന്യൂഡൽഹി: സ്മാർട്ട്ഫോൺ വഴി ലഭ്യമാക്കുന്ന അതിവേഗ വായ്പകൾക്കെതിരായ നടപടിയുടെ ഭാഗമായി പേടിഎം അടക്കം വിവിധ പേമെന്റ് ഗേറ്റ് വേകളുടെ ബംഗളൂരുവിലെ ഓഫിസുകളിൽ റെയ്ഡ് തുടരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വിവിധ പേമെന്റ് ഗേറ്റ് വേകൾ ഉപയോഗപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്നും ചൈനീസ് വ്യക്തികളാണ് ഇതിനുപിന്നിലെന്നും ഇ.ഡി അധികൃതർ ശനിയാഴ്ച ആരോപിച്ചു.
റേസർപേ, പേടിഎം, കാഷ്ഫ്രീ തുടങ്ങിയവയുടെ ബംഗളൂരുവിലെ ആറ് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നതെന്നും ഇത് തുടരുകയാണെന്നും അധികൃതർ പറഞ്ഞു. ചൈനീസ് വ്യക്തികൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെ കീഴിലുള്ള മർച്ചന്റ് ഐ.ഡിയിലും അക്കൗണ്ടുകളിലുമായി സൂക്ഷിച്ച 17 കോടിയോളം രൂപ പിടിച്ചെടുത്തെന്നും ഇ.ഡി അവകാശപ്പെട്ടു.
ഇന്ത്യക്കാരുടെ പേരിലുള്ള രേഖകൾ വ്യാജമായി നിർമിച്ച് ഇവരെ ഡയറക്ടർമാരായി കാണിച്ചാണ് തട്ടിപ്പു നടത്തുന്നത്. ഇതിനുപിന്നിൽ ചൈനീസ് പൗരന്മാരാണ്. ഈ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് പേമെന്റ് ഗേറ്റ് വേകൾ വഴി ഇടപാട് നടത്തുന്നത് -ഇ.ഡി വ്യക്തമാക്കി.
അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് റേസർപേയും കാഷ്ഫ്രീയും പ്രതികരിച്ചു. ചില അക്കൗണ്ടുകളിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി ഒന്നരവർഷം മുമ്പ് ആരംഭിച്ച അന്വേഷണമാണെന്നും അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പരിശോധനകളെന്നും റേസർപേ വക്താവ് അറിയിച്ചു. എന്നാൽ പേടിഎം പ്രതികരിക്കാൻ വിസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.