ന്യൂഡൽഹി: സഹകരണ മേഖലയിലെ ഓൺലൈൻ ടാക്സി സേവനമായ ഭാരത് ടാക്സി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ വലിയ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സർക്കാർ. രാജ്യസഭയിൽ സഹകരണ സംഘങ്ങൾ വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ സഹകരണ സഹമന്ത്രി കൃഷൻ പാലാണ് തീരുമാനം അറിയിച്ചത്.
ഡ്രൈവർമാരെ ശാക്തീകരിക്കുന്നതിനും അവരുടെ വരുമാനം വർധിപ്പിക്കുന്നതിനുമാണ് ഭാരത് ടാക്സി ആരംഭിച്ചതെന്ന് കൃഷൻ പാൽ പറഞ്ഞു. 'മൊബൈൽ ആപ്പ് വഴി ഇതിന്റെ ബുക്കിങ് എളുപ്പത്തിൽ ചെയ്യാൻ കഴിയും. പൂർണ സുരക്ഷ ഉറപ്പ് നൽകുന്നു. കൂടാതെ പൂർണ സുതാര്യതയും നൽകുന്നു. ടാക്സി സർവീസ് ഡൽഹി പൊലീസുമായി സംയോജിപ്പിച്ചിരിക്കുന്നു' -അദ്ദേഹം പറഞ്ഞു.
ഡൽഹി-എൻ.സി.ആർ, ഗുജറാത്തിലെ അഹ്മദാബാദ്, രാജ്കോട്ട്, സോമനാഥ്, ദ്വാരക എന്നിവിടങ്ങളിൽ ഭാരത് ടാക്സി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 'അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ, എല്ലാ വലിയ നഗരങ്ങളിലേക്കും താലൂക്കുകളിലേക്കും ഞങ്ങൾ സേവനം എത്തിക്കും. ഇതുവരെ നാല് ലക്ഷം ഡ്രൈവർമാർ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഞാൻ സഭയെ അറിയിക്കാൻ ആഗ്രഹിക്കുന്നു' - കൃഷൻ പാൽ പറഞ്ഞു.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പിന്തുണയോടെ ‘സഹകാർ ടാക്സി കോഓപറേറ്റിവ് ലിമിറ്റഡ്’ ആണ് ഭാരത് ടാക്സി സേവനം നടത്തുന്നത്. സഹകരണ മേഖലയിലൂടെ സാധാരണക്കാരായ ആളുകൾക്ക് ചെറിയ മൂലധനം സമാഹരിച്ച് എങ്ങനെ വലിയ തുടക്കങ്ങൾ കുറിക്കാം എന്നതിന്റെ ഉദാഹരണമാണ് ഭാരത് ടാക്സിയെന്ന് ഉദ്ഘാടന വേളയിൽ അമിത് ഷാ എക്‌സിൽ കുറിച്ചു. ടാക്സി ഡ്രൈവർമാർക്ക് കൂടുതൽ ലാഭം ലഭിക്കുമെന്നുമാത്രമല്ല, അന്തസ്സോടെ ഇതിന്റെ ഉടമസ്ഥരാകാനും അവർക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ഡ്രൈവർക്കും സഹകരണ സംഘത്തിൽ അഞ്ച് ഓഹരികൾ വീതം ഉണ്ടായിരിക്കും. ഓല, ഉബർ, റാപ്പിഡോ തുടങ്ങി സ്വകാര്യ കമ്പനികൾ ഓട്ടത്തിന് ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്ന കമീഷൻ ഭാരത് ടാക്സി ഈടാക്കില്ല. ഉപഭോക്താക്കൾ നൽകുന്ന മുഴുവൻ തുകയും ഡ്രൈവർക്ക് ലഭിക്കും. പകരം, ആപ്പ് മെയിന്റനൻസ് ഫീസായി പ്രതിദിനം 30 രൂപ മാത്രം നൽകിയാൽ മതി. ആപ്പിൽ തന്നെ സുരക്ഷാ സംവിധാനങ്ങളും പ്രത്യേക ഹെൽപ്പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ഡൽഹി പൊലീസുമായി സഹകരിച്ച് 35 പ്രത്യേക ബൂത്തുകൾ സ്ഥാപിച്ചു. ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിച്ച ശേഷമാണ് അവരെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.