എപ്‌സ്റ്റീനും അദാനിയുമാണ് പ്രധാനമന്ത്രിയുടെ ആശങ്ക; അതുകൊണ്ടാണ് അദ്ദേഹം പാർലമെന്റിൽ വരാൻ മടിക്കുന്നത് -രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ക്ഷാമം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളോട് പരിഭ്രമിക്കേണ്ടതില്ലെന്ന് പറയുന്ന പ്രധാനമന്ത്രി യഥാർത്ഥത്തിൽ മറ്റെന്തൊക്കെയോ കാര്യങ്ങൾ ഓർത്ത് പരിഭ്രാന്തിയിലാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ക്ഷാമത്തിൽ പ്രതിഷേധിച്ച്, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ എം.പിമാർ പാർലമെന്റ് മന്ദിരത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയും സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ഈ പരാമർശം നടത്തിയത്.

എപ്‌സ്റ്റീൻ കേസുകളുമായും അദാനി കേസുകളുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രധാനമന്ത്രി ആശങ്കയിലാണെന്നും അതുകൊണ്ടാണ് അദ്ദേഹം പാർലമെന്റിൽ വരാൻ മടിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ തികച്ചും വ്യത്യസ്തമായ ചില കാരണങ്ങളാൽ പ്രധാനമന്ത്രി തന്നെ പരിഭ്രാന്തിയിലാണ്. എപ്‌സ്റ്റീൻ കേസ് കാരണം അദ്ദേഹം പരിഭ്രമിക്കുന്നു. അദാനി കേസ് കാരണം അദ്ദേഹം പരിഭ്രമിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് സഭക്കകത്തേക്ക് വരാൻ കഴിയാത്തത്’ രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ പാർലമെന്റിൽ പ്രധാനമന്ത്രിയുടെ കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൽ.പി.ജി സിലിണ്ടറുകളുടെ ക്ഷാമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ഡി.എം.കെ, ടി.എം.സി, എസ്.പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ പ്രതിഷേധിച്ചു. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള വനിതാ എം.പിമാർ വിറകടുപ്പുമായി പാർലമെന്റ് പരിസരത്ത് പ്രതിഷേധത്തിൽ പങ്കുചേർന്നു. ‘നാം നരേന്ദർ, കാം സറണ്ടർ’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധത്തിലുണ്ടായിരുന്നു.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ഇന്ത്യയുടെ ഇന്ധന വിതരണത്തെ ബാധിച്ചിട്ടുണ്ടെന്നും, ഇത് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ഇതിന് അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. രാജ്യത്തെ ഊർജ്ജ പ്രതിസന്ധി രൂക്ഷമാണെന്നും യുദ്ധസാഹചര്യം മുന്നിൽ കണ്ടിട്ടും ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിമർശിച്ചു.

രാജ്യത്തുടനീളമുള്ള ഹോട്ടലുകൾ, വഴിയോര ഭക്ഷണശാലകൾ, കാറ്ററിങ് സർവീസുകൾ എന്നിവ എൽ.പി.ജി ക്ഷാമം കാരണം കടുത്ത പ്രതിസന്ധിയിലാണ്. പലയിടത്തും ഇന്ധനം തീർന്നതോടെ ഇലക്ട്രിക് ഇൻഡക്ഷൻ കുക്കറുകൾ, മൈക്രോവേവ്, വിറകടുപ്പുകൾ, സൗരോർജ്ജ സംവിധാനങ്ങൾ എന്നിവയിലേക്ക് മാറാൻ ഉടമകൾ നിർബന്ധിതരായിരിക്കുകയാണ്. സ്ഥിതി തുടർന്നാൽ ചെറിയ ഭക്ഷണശാലകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്കയും വ്യാപകമാണ്. വീടുകളിലേക്കുള്ള ഗാർഹിക എൽ.പി.ജി വിതരണം തടസ്സമില്ലാതെ തുടരുമെന്ന് സർക്കാർ ഉറപ്പുനൽകുന്നുണ്ടെങ്കിലും, കൊമേഴ്‌സ്യൽ മേഖലയിൽ വിതരണം താളം തെറ്റിയതാണ് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത്.

Tags:    
News Summary - Rahul Gandhi targets PM Modi over LPG shortage, links ‘panic’ to Epstein and Adani case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.