ന്യൂഡൽഹി: ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ, സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. അടുത്ത ആഴ്ച ഉത്തർപ്രദേശ് സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് സന്ദർശനത്തിടെ ഡറാഡൂണിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ, അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രീയ റാലികൾ നടത്തുന്നത് നിർത്തണമെന്ന് അലഹബാദ് ഹൈകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. റാലികളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും നിര്‍ത്തിയില്ലെങ്കില്‍ ഫലം ഗുരുതരമാകും. രണ്ടാം തരംഗത്തേക്കാള്‍ മോശമായ സാഹചര്യമുണ്ടാകും.
ജീവനുണ്ടെങ്കില്‍ മാത്രമേ നമുക്ക് ലോകമുണ്ടാകൂ എന്നും കോടതി പരാമർശം നടത്തുകയുണ്ടായി. ഇതിനു പിന്നാലെയാണ് കമീഷൻ ആരോഗ്യവകുപ്പ് സെക്രട്ടറിയെ തിങ്കളാഴ്ച ചർച്ചക്ക് വിളിച്ചത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.