മാർക്ക് കാർണി.

ബന്ധം വിളക്കിച്ചേർക്കാൻ ഇന്ത്യയും കാനഡയും

ന്യൂഡൽഹി: നയതന്ത്ര തർക്കങ്ങൾ പരിഹരിച്ച് സാമ്പത്തിക, വ്യാപാര ധാരണപത്രങ്ങളിലൂടെ ഉഭയകക്ഷി ബന്ധം വിളക്കിച്ചേർക്കാൻ ഇന്ത്യയും കാനഡയും. ഇന്ത്യ സന്ദർശിക്കുന്ന കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയിൽ ഈ വർഷാവസാനം ഒപ്പുവെക്കാൻ തീരുമാനിച്ചു. അതിനായുള്ള പരിഗണനാ വിഷയങ്ങളുടെ ധാരണപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

യുറേനിയം വിതരണം-ചെറുകിട ആണവ നിലയങ്ങളിൽ സഹകരണം, നവീന സാങ്കേതികവിദ്യയിൽ ഇന്ത്യ - കാനഡ- ആസ്ത്രേലിയ ത്രികക്ഷി സഹകരണം, വിദ്യാഭ്യാസ, അക്കാദമിക സഹകരണം എന്നിവയിൽ ഇരുകൂട്ടരും ധാരണപത്രങ്ങൾ ഒപ്പിട്ടു.

തങ്ങളുടെ പെൻഷൻ ഫണ്ടിൽനിന്ന് കനഡ 10,000 കോടി ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കും. ഇതോടെ കനഡയുടെ പെൻഷൻ ഫണ്ടിൽനിന്ന് ഏഷ്യാ പസിഫിക് മേഖലയിൽ നിക്ഷേപിക്കുന്ന തുകയുടെ 30 ശതമാനവും ഇന്ത്യക്കായിരിക്കും.

ഉഭയകക്ഷി ബന്ധം വഷളായ ഘട്ടത്തിൽ വെട്ടിക്കുറച്ച നയതന്ത്ര പ്രതിനിധികളുടെ എണ്ണം വർധിപ്പിക്കാനുള്ള ചർച്ചകൾ വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണ്. 2023ലേതിനേക്കാൾ ഈ എണ്ണം കൂട്ടിയിട്ടുണ്ട്. അതിനിയും വർധിപ്പിക്കും. 2023ൽ ഖലിസ്ഥാൻ വിഘടനവാദി കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യ ഈ ആരോപണങ്ങളെ അസംബന്ധം എന്നു പറഞ്ഞ് തള്ളിയിരുന്നു. നയതന്ത്രജ്ഞരെ പുറത്താക്കുന്നതിലേക്കും വ്യാപാര ചർച്ചകൾ മരവിപ്പിക്കുന്നതിലേക്കും വരെ ഈ തർക്കം നീണ്ടു.

ആണവ സഹകരണം സമാധാന ആവശ്യത്തിന്

2024-25 കാലയളവിൽ 900 കോടി ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം 2030-ഓടെ 50,00 കോടി ഡോളറായി ഉയർത്താനാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങൾക്കുള്ള യുറേനിയം ലഭ്യമാക്കുന്നതിനായുള്ള ചരിത്രപ്രധാനമായ കരാറിനെ മോദി സ്വാഗതം ചെയ്തു. കനഡയിൽനിന്നുള്ള 2600 കോടി ഡോളറിന്റെ യുറേനിയം വിതരണ ഇടപാടിനും ഇരുരാജ്യങ്ങളും സമ്മതിച്ചു. ചെറുകിട ആണവ റിയാക്ടറുകളുടെയും അത്യാധുനിക റിയാക്ടറുകളുടെയും നിർമാണത്തിൽ ഇരുരാജ്യങ്ങളും സഹകരിക്കും. ഇന്ത്യയുടെ ആണവ സ്വപ്നങ്ങൾക്ക് കരുത്തു പകരാനും സുസ്ഥിരമായ ഊർജലഭ്യത ഉറപ്പാക്കാനും കനേഡിയൻ കമ്പനിയായ കാമെകോ യുറേനിയം വിതരണം ചെയ്യുമെന്ന് മാർക്ക് കാർണി പറഞ്ഞു.

നിർണായക ധാതുക്കളിൽ ഇന്ന് ഒപ്പുവെച്ച ധാരണപത്രം പ്രതിരോധശേഷി വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തും. ബഹിരാകാശ മേഖലയിൽ, ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകളെയും വ്യവസായങ്ങളെയും ബന്ധിപ്പിക്കുമെന്നും പുനരുപയോഗ ഊർജത്തിലും ഹരിതോർജത്തിലും സഹകരിക്കുമെന്നും കാർണി പറഞ്ഞു.

Tags:    
News Summary - India and Canada to mend relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.