ന്യൂഡൽഹി: ഒമിക്രോൺ സാന്നിധ്യം തിരിച്ചറിയാൻ സംസ്ഥാനങ്ങൾ കോവിഡ് പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്രം. നിലവിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിളിച്ചു ചേർത്ത സംസ്ഥാനങ്ങളുടെ യോഗത്തിലാണ് നിർദേശം.
ഓരോ സംസ്ഥാനവും പുതിയ വകഭേദത്തിനെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്നതടക്കമുള്ള വിശദാംശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. സംസ്ഥാങ്ങൾ മൂന്നോട്ട് സ്വീകരിക്കേണ്ട മുൻകരുതലുകളും നടപടികളും കേന്ദ്രം നിർദേശിച്ചു.
പരിശോധനകൾ വർധിപ്പിക്കുന്നതിനൊപ്പം വീടുകൾ തോറുമുള്ള വാക്സിനേഷൻ ക്യാമ്പ് ഡിസംബർ 31 വരെ നീട്ടാനും കേന്ദ്രം തീരുമാനിച്ചു. നാളെ മുതൽ അന്താരാഷ്ട്ര വിമാനയാത്രക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരെ 14 ദിവസം നിരീക്ഷണം ഏർപ്പെടുത്താനും ഏഴാം ദിവസം പരിശോധന നടത്താനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിരീക്ഷണം കർശനമാക്കും.
അതിവേഗം പടരുന്ന വൈറസ് ഇന്ത്യയിൽ മൂന്നാം തരംഗത്തിന് കാരണമാകുമോ എന്ന ആശങ്കയും കേന്ദ്രത്തിനുണ്ട്. രോഗവ്യാപനത്തിനൊപ്പം രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും മരണവും കൂടാതിരിക്കാനുള്ള നടപടികൾക്കാണ് സർക്കാർ ഊന്നൽ കൊടുക്കുന്നത്.
രാജ്യത്ത് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു. പ്രതിരോധ നടപടികൾ സ്വീകരിച്ചതായും മന്ത്രി സഭയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.