എ.ഐ നിർമിത ചിത്രം

യൂറോപ്പിൽ ജോലി വാഗ്ദാനം; യുവതിയെ 11 ലക്ഷം രൂപയ്ക്ക് ബിയർ ഷോപ്പുടമയ്ക്ക് വിറ്റു; പുണെ ഏജൻസിക്കെതിരെ കേസ്

പുണെ: വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ച ഇന്ത്യൻ യുവതിയെ ബിയർ പാർലർ ഉടമയ്ക്ക് വിറ്റതായി പരാതി. മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിനിയായ 28-കാരിയാണ് മനുഷ്യക്കടത്തിന് ഇരയായത്. സംഭവത്തിൽ പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'വീ മൈഗ്രേറ്റ്' എന്ന റിക്രൂട്ടിങ് സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു.

ഇൻസ്റ്റാഗ്രാം വഴിയുള്ള പരസ്യം കണ്ടാണ് യുവതി ഏജൻസിയെ സമീപിക്കുന്നത്. പോർച്ചുഗലിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ കാഷ്യർ ജോലിയായിരുന്നു വാഗ്ദാനം. എട്ടു മണിക്കൂർ മാത്രം ജോലി ചെയ്താൽ മതിയെന്നും വിശ്വസിപ്പിച്ചു. വിസയ്ക്കും മറ്റ് യാത്രാ ചെലവുകൾക്കുമായി 11 ലക്ഷം രൂപ പല തവണകളായി ഇവർ യുവതിയിൽ നിന്ന് ഈടാക്കിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം.

എന്നാൽ പോർച്ചുഗലിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അവിടെ വിമാനത്താവളത്തിൽ കാത്തുനിന്ന ഏജന്റുമാർ യുവതിയുടെ പാസ്‌പോർട്ടും മറ്റ് രേഖകളും ബലമായി പിടിച്ചുവാങ്ങി. തുടർന്ന് രണ്ട് ദിവസത്തോളം ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം ഒരു ബിയർ ഷോപ്പ് ഉടമയ്ക്ക് ഇവരെ വിൽക്കുകയായിരുന്നു. സ്ഥാപനത്തിൽ ജോലി ചെയ്യാൻ നിർബന്ധിച്ചതായും ഒരു മാസത്തോളം കൊടിയ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയായതായും യുവതിയുടെ പരാതിയിൽ പറയുന്നു. പാസ്‌പോർട്ട് തിരികെ ചോദിച്ചപ്പോൾ കൂടുതൽ പണം ആവശ്യപ്പെടുകയാണ് ഏജന്റുമാർ ചെയ്തത്.

ഒടുവിൽ തന്ത്രപരമായി അവിടെ നിന്ന് രക്ഷപ്പെട്ട യുവതി ലിസ്ബണിലെത്തി. തുടർന്ന് മാഡ്രിഡ്, ദോഹ വഴി അതിസാഹസികമായാണ് നാട്ടിൽ തിരിച്ചെത്തിയത്. എന്നാൽ ഇന്ത്യയിൽ എത്തിയതിന് പിന്നാലെ വീണ്ടും ഏജൻസി ഇവരെ ബന്ധപ്പെട്ടു, ഭർത്താവിനെ കൊലപ്പെടുത്തുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്താൻ തുടങ്ങി.

തുടർന്നാണ് യുവതി പുണെ പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 'വീ മൈഗ്രേറ്റ്' സ്ഥാപനത്തിന്റെ നടത്തിപ്പുകാർ ഉൾപ്പെടെ എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Indian Woman Trafficked to Beer Parlour in Portugal After Fake Job Promise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.