സിഡ്നി: അദാനി കമ്പനികളുടെ തട്ടിപ്പ് വിവാദം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തകർച്ചയുടെ തുടക്കമാണെന്ന് അഭിപ്രായപ്പെട്ട ഹംഗേറിയൻ ശതകോടീശ്വരനും 92കാരനുമായ ജോർജ് സോറോസിനെതിരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കിഴവനും അപകടകാരിയും ദുർവാശിക്കാരനുമായ വ്യക്തിയാണ് ജോർജ് സോറോസെന്ന് സിഡ്നിയിൽ റെയ്സിന@സിഡ്നി ഡയലോഗ് ചടങ്ങിൽ ജയശങ്കർ പറഞ്ഞു. ലോകം എങ്ങനെ നീങ്ങണമെന്ന് നിർണയിക്കുന്നത് തന്റെ വീക്ഷണങ്ങളാണെന്ന് ന്യുയോർക്കിലിരുന്ന് ചിന്തിക്കുന്നയാളാണ് സോറോസ്. ആഖ്യാനങ്ങൾ രൂപപ്പെടുത്തുകമാത്രമാണ് സോറോസ് ചെയ്യുന്നതെന്ന് ജയശങ്കർ വിമർശിച്ചു. ‘തനിക്കിഷ്ടമുള്ളവർ ജയിച്ചാൽ ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പ് നല്ലതാണെന്ന് കരുതുന്നയാളാണ് സോറോസ്. എന്നാൽ, അവർ വിചാരിച്ചതിലും വ്യത്യസ്തമായാണ് തെരഞ്ഞെടുപ്പ് ഫലമെങ്കിൽ അപ്പോഴേക്കും ജനാധിപത്യത്തിന് വിള്ളൽ വീണെന്ന് പറയും’ -വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ മുമ്പില്ലാത്തവിധം പങ്കാളികളാകുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ പോലെ തെരഞ്ഞെടുപ്പിന് ശേഷം കോടതികളിലല്ല തീർപ്പുകൽപ്പിക്കുന്നത്.
ജനാധിപത്യവാദി എന്ന നിലയിൽ മോദിയുടെ വിശ്വാസ്യത ചോദ്യം ചെയ്തതിനെയും ജയശങ്കർ ശക്തമായി വിമർശിച്ചു. ‘ഇന്ത്യ ജനാധിപത്യ രാജ്യമാണെങ്കിലും പ്രധാനമന്രതി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നേതാവല്ലെന്നാണ് സോറോസ് കരുതുന്നത്. ദശലക്ഷക്കണക്കിന് മുസ്‍ലിംകളുടെ പൗരത്വം എടുത്തുകളയാൻ പദ്ധതിയുണ്ടെന്നായിരുന്നു നേരത്തേ അദ്ദേഹത്തിന്റെ ആരോപണം. അത് സംഭവിച്ചില്ല’. സമൂഹത്തിൽ ഭയമുണ്ടാക്കാൻ മാത്രമേ ഇത്തരം ആരോപണങ്ങൾ ഉപകരിക്കൂവെന്നും വിദേശകാര്യമന്ത്രി ആരോപിച്ചു. സോറോസ് സാമ്പത്തിക കുറ്റവാളിയാണെന്ന് കേന്ദ്രമന്രതി സ്മൃതി ഇറാനി ആരോപിച്ചിരുന്നു.
ജർമനിയിൽ മ്യുണിക് സുരക്ഷ സമ്മേളനത്തിലാണ് മോദിക്കെതിരെ സോറോസ് കഴിഞ്ഞ ദിവസം ആഞ്ഞടിച്ചത്. അദാനിയുടെ തട്ടിപ്പ് വിവാദത്തിൽ മോദി മൗനം തുടരുകയാണെന്നും നിക്ഷേപകർക്കും പാർലമെന്റിലെ ചോദ്യങ്ങൾക്കും പ്രധാനമന്ത്രി മറുപടി പറയേണ്ടി വരുമെന്നും സേോറോസ് അഭിപ്രായപ്പെട്ടിരുന്നു. അദാനിയുടെ കഷ്ടകാലം മോദിയുടെ ശക്തി ക്ഷയിപ്പിക്കുമെന്നും സോറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.