ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ ചർച്ച് പൂട്ടിച്ചു; നടപടി സംഘ്പരിവാർ പരാതിയെ തുടർന്ന്

ഭുവനേശ്വർ: മതപരിവർത്തനം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ക്രിസ്ത്യൻ ചർച്ച് അധികൃതർ പൂട്ടി സീൽ വെച്ചു. സംഘ്പരിവാർ സംഘടനയാ ബജ്‌റംഗ്ദളിന്റെ പരാതിയെ തുടർന്നാണ് നടപടി.

ഭദ്രകിലെ ഗെൽതുവ ഗ്രാമത്തിലെ ബിലീവേഴ്‌സ് ചർച്ചാണ് ബുധനാഴ്ച പൂട്ടിച്ചത്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഭരണകൂടം നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു. ഈ ചർച്ച് കേന്ദ്രീകരിച്ച് ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതായി ബജ്‌റംഗ്ദളിൽ നിന്ന് പരാതി ലഭിച്ചതായി ഭദ്രക് സബ് കലക്ടർ മനോജ് മാധ്യമങ്ങളോട് പറഞ്ഞു.

'ഭദ്രക് തഹസിൽദാറും റവന്യൂ ഇൻസ്‌പെക്ടറും ഈ മാസം ആദ്യം നടത്തിയ അന്വേഷണത്തിൽ ചർച്ചിൽ ചിലർ ഒത്തുകൂടുകയും ഇവിടം കേന്ദ്രീകരിച്ച് ഒരു സമുദായത്തിൽപ്പെട്ട ചിലർ സമാധാനഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യാറുണ്ടെന്ന് വ്യക്തമായി. ഇതരസമുദായത്തിൽപ്പെട്ട ആളുകൾ ഇതിനെതിരെ പ്രതികരിക്കുന്നതിനാൽ രണ്ട് സമുദായങ്ങൾ തമ്മിൽ വർഗീയ സംഘർഷത്തിന് എല്ലാ സാധ്യതയുമുണ്ട്. ആളുകൾ നിയമം കൈയിലെടുത്താൽ രക്തച്ചൊരിച്ചിലിനും വർഗീയ കലാപത്തിനും ഇടയാക്കും. അതിനാലാണ് ചർച്ച് അടച്ചുപൂട്ടി 144 പ്രഖ്യാപിച്ചത്' -സബ് കലക്ടർ പറഞ്ഞു.

ചർച്ചിൽ ഗോത്രവർഗക്കാരായ ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതായി ബജ്‌റംഗ്ദൾ പ്രവർത്തകൻ മനസ് മൊഹന്തി ആരോപിച്ചു. ഇത് അവസാനിപ്പിക്കാൻ ജില്ല ഭരണകൂടത്തിന് രേഖാമൂലം പരാതി നൽകുകയായിരുന്നുവെന്ന് മൊഹന്തി പറഞ്ഞു.

എന്നാൽ, തങ്ങൾ പള്ളിയിൽ സമാധാനത്തോടെ പ്രാർത്ഥിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഉച്ചഭാഷിണി പോലും ഉപയോഗിക്കുന്നില്ലെന്നും ഗെൽതുവയിലെ ക്രിസ്തുമത വിശ്വാസിയായ ഫുലാമണി മുണ്ട പറഞ്ഞു. "ഞങ്ങൾ യേശുവിൽ വിശ്വസിച്ചു, യേശുവിന്റെ പാത പിന്തുടരുന്നു. എന്തുകൊണ്ടാണ് ചർച്ച് മുദ്രവെച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല" -മുണ്ട പറഞ്ഞു.

ഒഡീഷയിലെ മതസ്വാതന്ത്ര്യ നിയമം 1967 അനുസരിച്ച് മതം മാറ്റം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും മതപരിവർത്തനത്തിന് മുമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ സത്യവാങ്മൂലം നൽകേണ്ടതുണ്ട്. കൂടാതെ മതപരിവർത്തനം നടക്കുന്ന ചടങ്ങിന്റെ തീയതിയും സമയവും സ്ഥലവും, മതം മാറേണ്ട വ്യക്തികളുടെ പേരും വിലാസവും, ചടങ്ങിന് 15 ദിവസം മുമ്പ് ഒരു നിശ്ചിത ഫോറത്തിൽ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിനെ പുരോഹിതൻ അറിയിക്കണം. ജില്ലാ മജിസ്‌ട്രേറ്റ് മതപരിവർത്തന രജിസ്റ്റർ സൂക്ഷിക്കുകയും തനിക്ക് ലഭിച്ച അറിയിപ്പിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തുകയും വേണം. എല്ലാ മാസവും 10-ാം തീയതിക്കകം ജില്ലാ മജിസ്‌ട്രേറ്റ് മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിന് അയക്കണം. 

Tags:    
News Summary - Odisha district seals off church over allegations of religious conversion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.