ഡൽഹിയിലെ ഒറ്റ ഇരട്ട നമ്പർ പ്രഹസനമെന്ന് ഹരിത ട്രൈബ്യൂണൽ

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പരിഹാരമായി ഡൽഹി സർക്കാർ നടപ്പാക്കുമെന്ന് അറിയിച്ച ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം വെറും പ്രഹസനമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. ഡൽഹിയിലെ മലിനീകരണ പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്ഥിതി വഷളാക്കിയത് സർക്കാരിന്‍റെ പിടിപ്പുകേടാണെന്നും ട്രൈബ്യൂണൽ കുറ്റപ്പെടുത്തി. ഒറ്റ ഇരട്ട നമ്പർ സമ്പ്രദായം  നടപ്പാക്കേണ്ടത് ഇങ്ങനെയല്ല. നിരവധി മാർഗങ്ങൾ മലിനീകരണത്തിന് എതിരെ നിർദേശിച്ചെങ്കിലും നിങ്ങൾ ഒറ്റ ഇരട്ട നമ്പർ മാത്രമാണ് നടപ്പിലാക്കുന്നതെന്നും കഴിഞ്ഞ ഒരു വർഷമായി ഒരു നിർദേശങ്ങളും സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും ട്രൈബ്യൂണൽ പറഞ്ഞു. 

ആദ്യ തവണ ഗതാഗത പരിഷ്കാരം നടപ്പാക്കിയപ്പോൾ മലിനീകരണം എത്രമാത്രം കുറഞ്ഞു എന്നതിന്‍റെ കണക്ക് സമർപ്പിക്കാനും ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. നഗരത്തിൽ വായു മലിനമാകുന്നതിൽ ചെറിയ കാറുകൾ എത്ര പങ്കു വഹിക്കുന്നു? പെട്രോൾ കാറുകളെ അപേക്ഷിച്ച് ഡീസൽ വാഹനങ്ങൾ എത്രത്തോളം മലിനീകരണത്തിന് കാരണമാവുന്നു?  പെട്രോൾ കാറുകളുടെ മലിനീകരണ തോത് എത്രയാണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ട്രൈബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഡൽഹിയിൽ മലിനീകരണം ഭീകരമായ തോത് പിന്നിട്ടതോടെയാണ്  വാഹനങ്ങൾക്ക് ഒറ്റ ഇരട്ട നമ്പർ സമ്പ്രദായം നടപ്പിലാക്കാൻ സർക്കാർ  തീരുമാനിച്ചത്. ഒറ്റ അക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങളും ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങളും ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിലറങ്ങുന്നതാണ്​ രീതി. 2016ലും മലിനീകരണം അനുവദനീയ തോത്​ കടന്നതോടെ ഒറ്റ ഇരട്ട നമ്പർ നിയന്ത്രണം ഡൽഹി സർക്കാർ നടപ്പിലാക്കിയിരുന്നു. ഒറ്റ, ഇരട്ട അക്ക നമ്പർ നിയന്ത്രണമുള്ള ദിവസങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിനായി 500 ബസുകൾ അധികമായി ഒാടിക്കാനും ​സർക്കാർ തീരുമാനിച്ചിരുന്നു. 

Tags:    
News Summary - Odd-Even Not Ok With Us, Says Top Green Court To Arvind Kejriwal- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.