ബംഗളൂരു: കുനിഗലിൽ സ്കൂൾ അധ്യാപകൻ മാരിയപ്പ (47) കൊല്ലപ്പെട്ട സംഭവത്തിൽ മകളും കാമുകനും ഉൾപ്പെടെ എട്ടു പേരെ കുനിഗൽ പൊലീസ് അറസ്റ്റ് ചെയ്തു. മകൾ ഹേമലതയുടെ പ്രണയബന്ധത്തെ എതിർത്തതിനെത്തുടർന്ന് കാമുകന്റെ സഹായത്തോടെ മാരിയപ്പയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ മാസം 10നായിരുന്നു സംഭവം.ഹേമലത, കാമുകൻ ശാന്തകുമാർ, മാരിയപ്പയുടെ ഭാര്യ ശോഭ എന്നിവരെയും മറ്റ് അഞ്ചുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തുമകൂരുവിലെ സ്കൂളിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു മാരിയപ്പ. ക്ഷേത്രത്തിൽനിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
ശാന്തകുമാറുമായി ഹേമലത അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധം അറിഞ്ഞ മാരിയപ്പ ശാന്തകുമാറിനെ മർദിക്കുകയും മകളിൽനിന്ന് മാറിനിൽക്കാൻ താക്കീത് നൽകുകയും ചെയ്തു. ഇതോടെയാണ് മാരിയപ്പയെ ഇല്ലാതാക്കാൻ ശാന്തകുമാർ പദ്ധതിയിട്ടത്. ഹേമലതയും ശോഭയും ശാന്തകുമാറിനെ സഹായിക്കുകയായിരുന്നു.വീട്ടിലേക്കു മടങ്ങുകയായിരുന്ന മാരിയപ്പയെ ശാന്തകുമാറും നാലുപേരും ചേർന്ന് ആക്രമിച്ച് കഴുത്തറുക്കുകയായിരുന്നു. മാരിയപ്പ ഒറ്റക്ക് വീട്ടിലേക്കു മടങ്ങിയ വിവരം ഹേമലതയും ശോഭയും ചേർന്നാണ് ശാന്തകുമാറിനെ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.