1 സെൽവ കുമാർ വിജയ്നൊപ്പം, 2 ഡി.എം.കെയിൽ ചേർന്ന ​സെൽവകുമാർ മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം

ടി.വി.കെയിൽ ഏകാധിപത്യമെന്ന്; 27 വർഷം വി​ജയ്‍യുടെ മാനേജറായിരുന്ന സെൽവകുമാർ ഡി.എം.കെയിൽ ചേർന്നു

ചെന്നൈ: സഖ്യ സാധ്യതകളും റാലികളുമായി തമിഴക വെട്രി കഴകം (ടി.വി.കെ) പ്രവർത്തനം സജീവമാക്കുന്നതിനിടെ തിരിച്ചടിയായി നടൻ വി​ജയ്‍യുടെ അടുത്ത അനുയായിയും മുൻ പി.ആർ.ഒയുമായ പി.ഡി സെൽവകുമാർ ഡി.എം.കെയിൽ ചേർന്നു. 27 വർഷമായി വിജയ് യുടെ മാനേജറും പി.ആർ.ഒയുമായി പ്രവർത്തിച്ച സെൽവ കുമാർ സിനിമാ നിർമാതാവ്, ഡയറക്ടർ എന്നീ നിലയിലും തമിഴ് സിനിമയിൽ സുപരിചിതനാണ്.

ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ഭീഷണിയായി ഉയർന്നുവന്ന വി​ജയ്‍യുടെ ടി.വി.കെയുമായി അടുത്ത ബന്ധമുള്ള സെൽവകുമാറിന്റെ കടന്നുവരവിനെ ഡി.എം.കെ വലിയ പ്രാധാന്യത്തോടെയാണ് സ്വാഗതം ചെയ്തത്. ഇദ്ദേഹത്തോടൊപ്പം നൂറിലേറെ പ്രവർത്തകരും ഡി.എം.കെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് സെൽവ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡി.എം.കെ അംഗ്വതമെടുത്തത്.

1994ൽ വിജയുടെ പിതാവും തമിഴ് സിനിമ സംവിധായകനുമായ എസ്.എ ചന്ദ്രശേഖറിന്റെ സ​ഹായിയായാണ് സെൽവകുമാർ ചലച്ചിത്ര ലോക​ത്തിന്റെ ഭാഗമാവുന്നത്. 2003ൽ വിജയ് യുടെ പബ്ലിക് റിലേഷൻസ് ഓഫീസർ (പി.ആർ.ഒ) ആയി നിയമിതനായി. പുലി, പോക്കിരി രാജ, ​ജയിൽ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവും, രണ്ട് സിനിമകളുടെ ഡയറക്ടറും ഏതാനും സിനിമകളിൽ അഭിനേതാവുമായി വേഷമണിഞ്ഞിട്ടുണ്ട്.

വിജയിനും ടി.വി.കെക്കുമെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടാണ് സെൽവകുമാർ ഡി.എം.കെയുടെ ഭാഗമാകുന്നത്.

പാർട്ടിക്കുള്ളിൽ വിജയ് യുടെയും അദ്ദേഹത്തെ നിയന്ത്രിക്കുന്ന സംഘ​ത്തിന്റെയും ഏകാധിപത്യമാണെന്നും, പിതാവ് എസ്.എ ചന്ദ്ര ശേഖറിന് പോലും വേണ്ട പരിഗണന നൽകുന്നില്ലെന്നും, കുടുംബത്തെ വി​ജയ്‍യിൽ നിന്നും അകറ്റി നിർത്തുകയാണെന്നും സെൽവകുമാർ കുറ്റപ്പെടുത്തി.

ഒക്ടോബറിൽ കരൂരിൽ നടന്ന റാലിക്കിടെയുണ്ടായ ആൾകൂട്ട ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ടി.വി.കെ തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെയാണ് വിജയ് ക്യാമ്പിനെതിരെ രൂക്ഷ വിമർശനവുമായി അടുത്ത അനുയായി രാഷ്​​ട്രീയ എതിരാളികളായ ഡി.എം.കെയിൽ ചേരുന്നത്. പാർട്ടിക്കുള്ളിലെ ഭിന്നതയും അനുയായികളുടെ നീരസവും പ്രതിഫലിപ്പിക്കുന്നതാണ് ദീർഘകാലമായി അടുത്ത് പ്രവർത്തിച്ച സെൽവുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കൂടുമാറ്റം.

അതിനിടെ, തെരഞ്ഞെടുപ്പ് സഖ്യ ചർച്ചകൾ സജീവമാക്കാൻ ടി.വി.കെ തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ വി​ജയ്‍യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്നാണ് പാർട്ടി നേതൃയോഗ തീരുമാനം. സഖ്യചർച്ചകൾക്കായി സമിതിയെയും നിയോഗിച്ചു. പ്രചാരണങ്ങളുടെ ഭാഗമായി വി​ജയ്‍യുടെ നേതൃത്വത്തിൽ സംസ്ഥാന പര്യടനം തുടരും.

Tags:    
News Summary - Vijay’s long-time associate Selvakumar joins DMK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.