പ്രവാചക നിന്ദ: നൂപുർ ശർമ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നൂപുർ ശർമ പ്രവാചകനിന്ദ നടത്തിയ ചാനൽ ചർച്ച തങ്ങളും കണ്ടതായി ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പാർഡിവാല എന്നിവർ വ്യക്തമാക്കി. എങ്ങനെയാണ് ആ സ്ത്രീ പ്രകോപനം ഉണ്ടാക്കുന്നതെന്ന് കണ്ടു. ഇതെല്ലാം പറഞ്ഞ രീതി... അതിനൊടുവിൽ താനൊരു അഭിഭാഷകയായിരുന്നെന്നുകൂടി പറഞ്ഞു. വല്ലാത്ത നാണക്കേടാണ്. രാജ്യത്തോട് അവർ മാപ്പുപറയണമെന്ന് സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു.

എൻ.വി. ശർമ എന്ന പേരിലാണ് നൂപുർ ശർമ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. വിഡിയോയിലെ പരാമർശങ്ങൾ കൃത്രിമമായി ചേർത്ത് സാമൂഹികവിരുദ്ധർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും അതിൽ ആരോപിച്ചു. പേരുമാറ്റി കോടതിയിൽ ഹരജി നൽകിയത് ജഡ്ജിമാർ ചോദ്യംചെയ്തു. ഭീഷണികൾ ഉള്ളതുകൊണ്ടാണ് യഥാർഥ പേര് ഉപയോഗിക്കാത്തതെന്ന് അഭിഭാഷകൻ വാദിച്ചു. കോടതി തിരിച്ചടിച്ചു: ''അവരാണോ ഭീഷണി നേരിടുന്നത്? അതോ അവർ ഒരു സുരക്ഷ ഭീഷണിയായി മാറിയിട്ടുണ്ടെന്നാണോ?''

വിവേചനമില്ലാതെ തുല്യപരിഗണന തനിക്കും കിട്ടണമെന്ന ഹരജിയിലെ വാദം ഉയർത്തിക്കാട്ടി ബെഞ്ച് പറഞ്ഞു: ''നിങ്ങൾ മറ്റുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ, അവരെ ഉടനടി അറസ്റ്റ് ചെയ്യും. എന്നാൽ, പരാതി നിങ്ങൾക്കെതിരെയാണെങ്കിൽ, നിങ്ങളെ തൊടാൻ ആരും ധൈര്യപ്പെടില്ല.''

നൂപുർ ശർമക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതല്ലാതെ എന്തു തുടർനടപടിയാണ് ഡൽഹി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കോടതി ചോദിച്ചു.

മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നുപൂർ ശർമക്കെതിരെ സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും കേസെടുത്തിരുന്നു. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മേയ് 27ന് 'ടൈംസ് നൗ' ചാനലിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ വിവാദ പരാമർശം. പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. അറബ് ലോകത്തുനിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നൂപുറിനെയും വിവാദ വിഡിയോ ട്വിറ്ററിലടക്കം പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ക്ഷമാപണവുമായി നൂപുർ രംഗത്തെത്തുകയും ചെയ്തിരുന്നു.


Tags:    
News Summary - Nupur Sharma should "apologise to the whole country"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.