ലഖ്നോ: ഉത്തർപ്രദേശിലെ മുസഫർ നഗർ ഉൾപ്പെടെയുള്ള ജില്ലകളിലെ മദ്റസകൾക്ക് നോട്ടീസ് നൽകിയ സംസ്ഥാന അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ കടുത്ത പ്രതിഷേധവുമായി യു.പി മദ്റസ വിദ്യാഭ്യാസ ബോർഡ്.
നടപടി നിയമവിരുദ്ധമാണെന്നും ഉത്തർപ്രദേശ് മദ്റസ വിദ്യാഭ്യാസ കൗൺസിൽ നിയമപ്രകാരം മദ്റസകളിൽ പരിശോധന നടത്താനും നോട്ടീസ് നൽകാനും ന്യൂനപക്ഷ േക്ഷമ വകുപ്പിനു മാത്രമാണ് അവകാശമെന്നും ബോർഡ് ചെയർമാൻ ഇഫ്തിഖാർ അഹ്മദ് ജാവേദ് പ്രസ്താവനയിൽ വ്യക്തമാക്കി. നോട്ടീസ് നൽകിയത് മദ്റസകളിൽ അസ്വസ്ഥകരമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.
അമേത്തി, കൗശാംബി, ശ്രാവസ്തി തുടങ്ങിയ ജില്ലകളിലെ മദ്റസകൾക്കും നോട്ടീസ് നൽകിയിരുന്നു. 1995ൽ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപവത്കരിച്ചശേഷം മദ്റസകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും മദ്റസ വിദ്യാഭ്യാസ ബോർഡിന് കൈമാറിയിട്ടുണ്ട്. ബോർഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലാണ്. ഈ സാഹചര്യത്തിൽ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയത് ശരിയായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസഫർ നഗറിലെ 12 മദ്റസകൾക്ക് രജിസ്ട്രേഷനില്ലെന്നു പറഞ്ഞാണ് നോട്ടീസ് നൽകിയത്. മൂന്നു ദിവസത്തിനുള്ളിൽ രേഖകൾ ഹാജരാക്കാനും രജിസ്ട്രേഷനില്ലാതെ പ്രവർത്തിച്ചാൽ ദിവസം 10,000 രൂപ വീതം പിഴ നൽകണമെന്നും നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.