നിയന്ത്രണം എത്രനാള്‍? കണ്ണുകള്‍ മോദിയിലേക്ക്

ന്യൂഡല്‍ഹി: പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ പൂര്‍ണമായും ബാങ്കുകള്‍ പിന്തള്ളി. ശനിയാഴ്ച മുതല്‍ വാണിജ്യ ബാങ്കുകളില്‍ അസാധു നോട്ടുകളുടെ ഇടപാടില്ല. 86 ശതമാനം നോട്ടുകള്‍ പുറന്തള്ളിയപ്പോള്‍ കൊണ്ടുവന്ന പണമിടപാട് നിയന്ത്രണങ്ങള്‍ 50 ദിവസത്തെ സാവകാശത്തിനു ശേഷവും പിന്‍വലിക്കാന്‍ കഴിയാതെ തന്നെയാണ് ബാങ്കുകള്‍ ശനിയാഴ്ച തുറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാക്ക് പാലിക്കപ്പെടുകയോ, പണമിടപാട് സ്വാതന്ത്ര്യം പൂര്‍ണമായി തിരിച്ചുകിട്ടുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ജനങ്ങള്‍ക്കു മുമ്പില്‍.

പണമിടപാടു രംഗം നേരെയാക്കാന്‍ 50 ദിവസത്തെ സാവകാശം ആവശ്യപ്പെട്ട പ്രധാനമന്ത്രി, ശനിയാഴ്ച വൈകീട്ട് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്ന പ്രഖ്യാപനമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍, നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയേക്കുമെന്ന പ്രതീക്ഷയുമുണ്ട്. എ.ടി.എമ്മുകളില്‍ നിന്നും ബാങ്കുകളില്‍നിന്നും പിന്‍വലിക്കുന്ന പണത്തിന്‍െറ പരിധി ഉയര്‍ത്തിയേക്കും.
പുതിയ 500 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ണതോതില്‍ തുടരുന്നുണ്ടെങ്കിലും നിയന്ത്രണം എടുത്തുകളയാന്‍ പറ്റിയ സാഹചര്യമായിട്ടില്ല. പ്രധാനമന്ത്രി നേരിട്ട് ഏറ്റെടുത്ത നോട്ടുപരിഷ്കരണ പരിപാടി തുടക്കത്തിലെ പ്രചാരണത്തിനപ്പുറം, പരാജയമായി കലാശിച്ചു നില്‍ക്കുകയുമാണ്. എന്നാല്‍, ഡിജിറ്റല്‍ പണമിടപാട് കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാറിന്‍െറ തീരുമാനം.

പഴയ നോട്ടിന്‍െറ ഇടപാട് ബാങ്കുകള്‍ അവസാനിപ്പിച്ച വെള്ളിയാഴ്ച അഞ്ചു മണിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുപരിപാടിയില്‍ പങ്കെടുക്കുകയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തെങ്കിലും, നിലവിലെ നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യത്തില്‍ പരാമര്‍ശമൊന്നും ഉണ്ടായില്ല. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലാണ് രാജ്യത്തിന്‍െറ ഭാവിയെന്നാണ് ഡിജിധന്‍ വ്യാപാര്‍ യോജന പരിപാടിയില്‍ നരേന്ദ്ര മോദി പറഞ്ഞത്.
ബാങ്കുകളില്‍നിന്ന് പഴയ നോട്ടുകളുടെ കണക്ക് വെള്ളിയാഴ്ച തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്. അതനുസരിച്ച് ബാക്കിയുള്ള നോട്ടുകള്‍ പൂര്‍ണമായും ചെസ്റ്റുകളില്‍ എത്തിക്കുന്ന ജോലി ശനിയാഴ്ച ബാങ്കുകള്‍ പൂര്‍ത്തിയാക്കും.

പഴയ നോട്ടിന്‍െറ കണക്ക് കൃത്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് റിസര്‍വ് ബാങ്ക്. പുതുതായി അച്ചടിച്ച നോട്ടുകളുടെ എണ്ണം കൃത്യമായി പറഞ്ഞിട്ടുണ്ടെങ്കിലും, തിരിച്ചത്തെിയ അസാധു നോട്ടുകളുടെ കണക്ക് വരും ദിവസങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിടുക.

Tags:    
News Summary - note ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.