ന്യൂഡൽഹി: കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തിൽ പ്രതികരണവുമായി കോൺഗ്രസ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമിത് ഷാ ഇന്നലെ പരിഭ്രാന്തനായിരുന്നെന്നും സമ്മർദത്തിലായിരുന്നെന്നും രാഹുൽ പറഞ്ഞു.
അമിത് ഷായുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നെന്നും സഭയിൽ പല അസഭ്യവും അദ്ദേഹം പറഞ്ഞെന്നും വോട്ട്ചോരിയെക്കുറിച്ചുള്ള തന്റെ പത്രസമ്മേളനങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ അദ്ദേഹത്തെ നേരിട്ട് വെല്ലുവിളിച്ചെങ്കിലും ഒരു ഉത്തരവും ലഭിച്ചില്ലെന്നും പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘അമിത് ഷാ സമ്മര്‍ദത്തിലാണ്. അദ്ദേഹത്തിന്റെ കൈകള്‍ വിറക്കുന്നുണ്ട്. അദ്ദേഹം പല അസഭ്യവും സഭയില്‍ പറഞ്ഞു. ഇന്നലെ സഭയിൽ എല്ലാവരും അത് കണ്ടതാണ്. യാഥാർഥ്യം എന്തെന്ന് എല്ലാവർക്കും മനസിലായിട്ടുണ്ട്. പാർലമെന്റിൽ എന്റെ എല്ലാ പത്രസമ്മേളനങ്ങളും ചർച്ച ചെയ്യാം. എന്നാൽ, എന്റെ ഒരു ചോദ്യത്തിനും മറുപടിയില്ല. സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹത്തിനാവില്ല,’ രാഹുൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ലോക്സഭയിൽ എസ്.ഐ.ആറിൽ നടന്ന ചർച്ചയിൽ ഷായും രാഹുലും തമ്മിൽ തീവ്രമായ വാക്‌പോര് നടന്നിരുന്നു. വോട്ട് ചോരിയിൽ അമിത് ഷായെ രാഹുൽ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. വാക് തർക്കം രൂക്ഷമായെങ്കിലും അമിത് ഷാ വെല്ലുവിളി ഏറ്റെടുക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.