അസാധു നോട്ടുകള്‍ ബാങ്കില്‍ സ്വീകരിക്കുന്നത് ഇന്ന് കൂടി മാത്രം

ന്യൂഡല്‍ഹി: 1000 രൂപ, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതുമൂലമുണ്ടായ കടുത്ത പണഞെരുക്കം 50ാം ദിവസത്തില്‍. സര്‍ക്കാര്‍ നോട്ടുറേഷന്‍ ഏര്‍പ്പെടുത്തിയതിനാല്‍ സ്വന്തം പണം സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാന്‍ കഴിയാതെ, നിത്യച്ചെലവിനുപോലും മല്‍പിടിത്തം നടത്തുന്ന അവസ്ഥ മാറാന്‍ ഇനിയെത്രകാലം വേണ്ടിവരുമെന്ന അനിശ്ചിതത്വം ഇപ്പോഴും ബാക്കി.

അസാധുവാക്കിയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. എന്നാല്‍, സ്വന്തം ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ 50 ദിവസമായി തുടരുന്ന നിയന്ത്രണം തുടരും. ആഴ്ചയില്‍ 24,000 രൂപ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാന്‍ അനുവാദമുണ്ടെങ്കിലും 5,000 രൂപ പോലും നല്‍കാന്‍ കഴിയാതെ വ്യാഴാഴ്ചയും ബാങ്കുകള്‍ ഇടപാടുകാരെ തിരിച്ചയച്ചു. നാമമാത്രമായി പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മില്‍നിന്ന് കിട്ടുന്ന പരമാവധി തുക 2,000 രൂപയാണ്. എല്ലാ എ.ടി.എമ്മുകളും പുതിയ നോട്ടിന് പാകത്തില്‍ സജ്ജീകരിച്ചു കഴിഞ്ഞിട്ടുമില്ല.

നോട്ട് അസാധുവാക്കലിനുശേഷം നികുതിയും റവന്യൂ വരുമാനവും കൂടിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവകാശപ്പെട്ടു. നോട്ട് അസാധുവാക്കല്‍ വഴിയുള്ള പ്രയാസത്തിന്‍െറ നിര്‍ണായകഘട്ടം കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വായ്പ തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് മൂന്നു മാസത്തെ സാവകാശം നല്‍കണമെന്ന് റിസര്‍വ് ബാങ്ക് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയത് ജനദുരിതത്തിന്‍െറ യഥാര്‍ഥ ചിത്രം വെളിവാക്കി. ശമ്പളം കൊടുക്കാന്‍ കേരളം ചോദിച്ചത്ര നോട്ട് നല്‍കാന്‍ കഴിയില്ളെന്നാണ് റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചത്.

നോട്ട് അസാധുവാക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കാന്‍ 50 ദിവസത്തെ സാവകാശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചത്. ഡിസംബര്‍ 30നുശേഷം പണഞെരുക്കം തുടര്‍ന്നാല്‍ ജനം നല്‍കുന്ന ഏത് ശിക്ഷയും താന്‍ സ്വീകരിക്കുമെന്നും മോദി പറഞ്ഞിരുന്നു. ഈ കാലാവധി അവസാനിക്കുന്ന ദിവസമാണിന്ന്. എന്നാല്‍, കൂലിപ്പണിക്കാരനും കര്‍ഷകനും പെട്ടിക്കടക്കാരനും കാര്‍ കമ്പനികളും വരെ പ്രതിസന്ധിയിലാണ്. 86 ശതമാനം നോട്ടുകള്‍ പിന്‍വലിച്ചതില്‍ 38 ശതമാനം നോട്ടുകള്‍ മാത്രമാണ് 50 ദിവസത്തിനിടയില്‍ വിപണിയില്‍ തിരിച്ചത്തെിക്കാന്‍ സര്‍ക്കാറിന് സാധിച്ചത്.
കൂടുതല്‍ 500 രൂപ നോട്ടുകള്‍ അച്ചടിച്ചിറക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യാഴാഴ്ചയും ആവര്‍ത്തിച്ചു. പ്രസുകളുടെ പൂര്‍ണശേഷി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും വിപണിയിലെ പിരിമുറുക്കം അവസാനിക്കാന്‍ പാകത്തില്‍ പുതിയ നോട്ടുകള്‍ എത്തിക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. സര്‍ക്കാറാകട്ടെ, ഡിജിറ്റല്‍ പണമിടപാടിന് ജനത്തെ നിര്‍ബന്ധിക്കുകയാണ്.

നോട്ട് അസാധുവാക്കിയത് സമ്പദ്വ്യവസ്ഥ താറുമാറാക്കിയെങ്കിലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചെന്ന പ്രചാരണത്തിലാണ് സര്‍ക്കാര്‍. കള്ളപ്പണം, കള്ളനോട്ട്, ഭീകരത തുടങ്ങിയവക്ക് കൂച്ചുവിലങ്ങിടാന്‍ പ്രധാനമന്ത്രിയുടെ അസാധാരണ നടപടികൊണ്ട് കഴിഞ്ഞെന്നും വാദിക്കുന്നു. അതേസമയം, തിരിച്ചത്തെിയ പഴയ നോട്ടുകള്‍ എത്രയെന്ന കൃത്യമായ കണക്ക് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. അസാധുവാക്കിയതില്‍ 90 ശതമാനം നോട്ടും ബാങ്കുകളില്‍ തിരിച്ചത്തെിയെന്ന അനൗദ്യോഗിക കണക്കുകള്‍ സര്‍ക്കാര്‍ വാദം പൊളിച്ചു.

Tags:    
News Summary - note ban at 50 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.