രണ്ട് പേർ ശിവലിംഗത്തിൽ ബിയർ ഒഴിക്കുന്ന 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നദീതീരത്തിരുന്ന് രണ്ട് യുവാക്കൾ ശിവലിംഗത്തിനുമേൽ മദ്യം ഒഴിക്കുന്ന ദൃശ്യമാണ് മുസ്‍ലിം യുവാക്കൾ ഹിന്ദുമതത്തെയും ഹിന്ദുക്കളെയും മനപൂർവം അവഹേളിക്കാൻ ചെയ്യുന്നതാണെന്ന തരത്തിൽ പ്രചരിക്കുന്നത്. എന്നാൽ, ഹിന്ദുത്വ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വിവരങ്ങൾ തീർത്തും കളവാണെന്ന് വസ്തുതാന്വേഷണ വെബ്സൈറ്റായ 'ആൾട്ട് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.
രണ്ടു ജിഹാദികൾ ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ വേണ്ടി ശിവലിംഗത്തിൽ ബിയർ ഒഴിക്കുന്നത് കാണൂ എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. എന്നാൽ, 2022 ജൂൺ 25ന് സംഭവം സമബന്ധിച്ച് ടി.വി നയൻ ചാനലിലും ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിലും വാർത്ത വന്നിരുന്നതായി ആൾട്ട് ന്യൂസ് കണ്ടെത്തി. ചണ്ഡീഗഡിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ട് പറയുന്നു.
ജൂൺ 27ലെ ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ട പ്രകാരം പഞ്ച്കുളയിലെ ഘഗ്ഗർ നദിക്ക് സമീപമാണ് വീഡിയോ ചിത്രീകരിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായതോടെ ദൃശ്യത്തിലുള്ള യുവാക്കളായ ദിനേശ് കുമാറിനെയും നരേഷ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ ദിനേശ് കുമാർ തന്റെ ഫോണിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് വാർത്തയിൽ പറയുന്നു. ദിനേശും നരേഷും ഘാഗർ നദിക്ക് സമീപം നടക്കാൻ പോയതായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ഒരു തമാശയെന്നോണം നദിക്കരയിൽ കണ്ട പൊട്ടിയ ശിവലിംഗത്തിൽ മദ്യം പകരുകയായിരുന്നു. സംഭവസമയം അവർ മദ്യലഹരിയിൽ ആയിരുന്നു. അമർ ഉജാലയുടെ റിപ്പോർട്ടിലും പ്രതികൾ ദിനേശും നരേഷും ആണെന്ന് കണ്ടെത്തി. ചണ്ഡീഗഡ് പൊലീസും വാർത്ത സ്ഥിരികരിച്ചതായി ആൾട്ട് ന്യൂസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.