പ്രമുഖ ഇന്ത്യൻ എഡ്‌ടെക് സ്റ്റാർട്ടപ്പായ ‘ബൈജൂസ്’ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. കോടതി അലക്ഷ്യക്കേസിലാണ് നടപടി. സ്വന്തം ആസ്തി വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ കോടതി നൽകിയ ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ശിക്ഷ. ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാനും, 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 55 ലക്ഷത്തിലധികം രൂപ) കോടതിച്ചെലവ് നൽകാനും ബൈജുവിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, തനിക്കെതിരെ നടക്കുന്നത് വ്യാജവും ഏകപക്ഷീയവുമായ പ്രചാരണങ്ങളാണെന്ന് ബൈജു രവീന്ദ്രൻ പ്രതികരിച്ചു. മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വാർത്തകൾ നൽകുന്നതെന്നും താനോ മറ്റ് സ്ഥാപകരോ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ബൈജു വ്യക്തമാക്കി.
ആഗോളതലത്തിൽ ബൈജൂസ് നേരിടുന്ന നിയമയുദ്ധങ്ങളുടെയും കടബാധ്യതകളുടെയും തുടർച്ചയാണ് പുതിയ കോടതി വിധി. പണം കടം നൽകിയ പ്രമുഖ ഏജൻസികളായ ഗ്ലാസ് ട്രസ്റ്റ്, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവരുമായി ഒത്തുതീർപ്പ് ചർച്ചകൾ പുരോഗമിക്കുന്നതിനാലാണ് പല കോടതി നടപടികളിലും സജീവമായി പങ്കെടുക്കാതിരുന്നതെന്ന് ബൈജു രവീന്ദ്രൻ വിശദീകരിച്ചു.
‘വായ്പ നൽകിയവരുമായുള്ള ഒത്തുതീർപ്പ് ചർച്ചകൾ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇനി ചില ചെറിയ സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ചർച്ചകൾ തുടരുമ്പോഴും ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി നിയമപരമായ സമ്മർദം ചെലുത്തുന്നത് അനാവശ്യ തന്ത്രമാണ്’ ബൈജു രവീന്ദ്രൻ പറഞ്ഞു. തർക്കത്തിലുള്ള പണം താൻ വ്യക്തിപരമായി കൈപ്പറ്റിയിട്ടില്ലെന്നും തുക മുഴുവൻ ബിസിനസ്സ് ആവശ്യങ്ങൾക്കായി മാത്രമാണ് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പ് വിജയഗാഥയായി ആഗോള നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് ഡോളർ ആകർഷിച്ച കമ്പനിയാണ് ബൈജൂസ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി സാമ്പത്തിക റിപ്പോർട്ടുകൾ വൈകൽ, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടൽ, കോർപ്പറേറ്റ് ഭരണത്തിലെ പാളിച്ചകൾ എന്നിവ കമ്പനിയെ പ്രതിസന്ധിയിലാക്കി. 1.2 ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് നിക്ഷേപകർ നിയമനടപടി സ്വീകരിച്ചതോടെയാണ് ബൈജൂസിന്റെ തകർച്ച പൂർണ്ണമായത്.
നിലവിൽ ഇന്ത്യക്ക് പുറമെ സിംഗപ്പൂർ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ബൈജു രവീന്ദ്രൻ കടുത്ത നിയമനടപടികൾ നേരിടുകയാണ്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ സബ്‌സിഡറി കമ്പനിയാണ് സിംഗപ്പൂരിൽ ബൈജുവിനെതിരെ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.