'കുതുബ് മിനാറിൽ ഖനന പരിശോധനക്ക് അനുമതി നൽകിയിട്ടില്ല'; വാർത്തകൾ നിഷേധിച്ച് കേന്ദ്രം

ന്യൂഡൽഹി: ഡൽഹിയിലെ കുതുബ് മിനാർ സമുച്ചയത്തിൽ ഖനന പരിശോധനക്ക് അനുമതി നൽകിയെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര സർക്കാർ. ഗ്യാൻവാപി മസ്ജിദ് സർവേക്ക് പിന്നാലെ, കുതുബ് മിനാറിലും ഖനന പരിശോധന നടത്താൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) നിർദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്കാരിക വകുപ്പ് സെക്രട്ടി ഗോവിന്ദ് മോഹൻ ശനിയാഴ്ച മുതിർന്ന ഉദ്യോഗസഥർക്കും ചരിത്രകാരൻമാർക്കും ഒപ്പം കുതുബ് മിനാർ സന്ദർശിച്ചിരുന്നു. പിന്നാലെയാണ് ഖനന പരിശോധനക്ക് അനുമതി നൽകിയെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. തൊട്ടുപിറകെ കേന്ദ്ര സാംസ്കാരിക മന്ത്രി ജി.കെ. റെഡ്ഡി വാർത്ത നിഷേധിച്ച് രംഗത്തെത്തി. ഇത്തരത്തിൽ യാതൊരു നിർദേശവും നൽകിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

കുതുബ് മിനാർ സമുച്ചയം ക്ഷേത്രമാണെന്നും ഡൽഹി സുൽത്താനേറ്റിന്‍റെ കാലത്ത് പള്ളിയാക്കി മാറ്റിയെന്നുമാണ് സംഘ്പരിവാർ സംഘടനകളുടെ ആരോപണം. കുതുബ് മിനാർ യഥാർഥത്തിൽ വിഷ്ണു സ്തംഭം ആണെന്നും 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തതിന്‍റെ സാമഗ്രികൾ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചതെന്നും വി.എച്ച്.പി വക്താവ് വിനോദ് ബൻസാൽ അവകാശപ്പെട്ടു.

കുതുബ് മിനാർ നിർമിച്ചത് കുതുബുദ്ദീൻ ഐബക്ക് അല്ലെന്നും അഞ്ചാം നൂറ്റാണ്ടിൽ ഉജ്ജയിനിലെ രാജാവായിരുന്ന വിക്രമാദിത്യനാണെന്നുള്ള അവകാശവാദവുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) മുൻ റീജനൽ ഡയറക്ടർ ധരംവീർ ശർമയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

അതിനിടെ, കുതുബ് മിനാർ സമുച്ചയത്തിലുള്ള പള്ളിയിലെ നമസ്കാരം നിർത്തിവെക്കാൻ മേയ് 13ന് എ.എസ്.ഐ ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ നമസ്കാരം നടക്കുന്ന പള്ളിയാണിത്.

Tags:    
News Summary - 'No such decision has been taken': Union minister GK Reddy on excavating Delhi's Qutub Minar complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.