ന്യൂഡൽഹി: യുക്രെയ്നിലേക്കുള്ള വിമാനനിയന്ത്രണം നീക്കി വ്യോമയാന മന്ത്രാലയം. വിമാനങ്ങളുടെ എണ്ണത്തിലും സീറ്റുകളിലുമുള്ള നിയന്ത്രണമാണ് നീക്കിയത്. യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികളേയും പ്രൊഫഷണലുകളേയും വേഗത്തിൽ നാട്ടിലെത്തിക്കുന്നതിനാണ് ഇളവ് നൽകിയത്.
യുക്രെയ്നിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടാൻ ഇന്ത്യൻ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ അതിർത്തികളിൽ റഷ്യ സൈനിക വിന്യാസം വർധിപ്പിച്ചതിനെ തുടർന്ന് അവിടെ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരോട് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. പക്ഷേ ഫെബ്രുവരി 20 വരെ ഇന്ത്യയിലേക്ക് വിമാനസർവീസ് ലഭ്യമായിരുന്നില്ല.
എയർ ബബിൾ കരാർ പ്രകാരമാണ് ഇന്ത്യ-യുക്രെയ്ൻ വിമാന സർവീസുകൾ ഇപ്പോൾ നടത്തുന്നത്. കോവിഡിനെ തുടർന്നായിരുന്നു വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതുപ്രകാരം നിശ്ചിത എണ്ണം വിമാനങ്ങൾക്ക് മാത്രമാണ് ആഴ്ചയിൽ സർവീസിന് അനുമതി നൽകിയിരുന്നത്. ഇളവ് നൽകിയതോടെ വിമാനകമ്പനികൾക്ക് നിയന്ത്രണമില്ലാതെ യുക്രെയ്നിലേക്ക് സർവീസ് നടത്താനാകും. ചാർട്ടേഡ് വിമാനങ്ങളും ഇത്തരത്തിൽ ഓപ്പറേറ്റ് ചെയ്യാൻ സാധിക്കും.
പ്രതിസന്ധി കടുത്തതോടെ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയായിരുന്നു. 30,000 രൂപയുണ്ടായിരുന്ന ടിക്കറ്റ് നിരക്കാണ് 60,000ത്തിലെത്തിയത്. അതേസമയം, ലഭ്യമാവുന്ന ടിക്കറ്റുകൾ എത്രയും വേഗത്തിൽ ബുക്ക് ചെയ്യാൻ യുക്രെയ്നിലുള്ള ഇന്ത്യൻ വിദ്യാർഥികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം അയക്കുന്നത് ഉൾപ്പടെ പരിഗണിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. എയർ അറേബ്യ, ഫ്ലൈ ദുബായ്, ഖത്തർ എയർവേയ്സ് എന്നി കമ്പനികളെല്ലാം യുക്രെയ്നിൽ നിന്നുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. എയർ ഇന്ത്യയും വൈകാതെ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.