ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന് നിയമപരമായി എസ്.ഐ.ആർ നടത്താൻ അവകാശമില്ലെന്നും അത് നിർത്തണമെന്നും കോൺഗ്രസ് എം.പി മനീഷ് തിവാരി. നിരവധി പ്രതിപക്ഷ നേതാക്കളും ജനങ്ങളും തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതായും അദ്ദേഹം വാദിച്ചു.
ലോക്‌സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ഒരു ചർച്ചക്ക് തുടക്കമിട്ട തിവാരി ആദ്യത്തെ തെരഞ്ഞെടുപ്പ് പരിഷ്കരണം, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും തെരഞ്ഞെടുപ്പ് കമീഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള 2023ലെ നിയമം ഭേദഗതി ചെയ്യുക എന്നതായിരിക്കണമെന്ന് പറഞ്ഞു.
പല സംസ്ഥാനങ്ങളിലും എസ്.ഐ.ആർ നടക്കുന്നുണ്ട്. പക്ഷേ നിയമപരമായി ഇ.സിക്ക് എസ്.ഐ.ആർ നടത്താൻ അവകാശമില്ലെന്ന് താൻ വളരെ ഉത്തരവാദിത്തത്തോടെയാണ് പറയുന്നതെന്നും തിവാരി പറഞ്ഞു .
ഭരണഘടനയിലോ നിയമത്തിലോ എസ്.ഐ.ആറിന് വ്യവസ്ഥയില്ല. ഏതെങ്കിലും നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് രേഖപ്പെടുത്തുകയും പരസ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. ആ കാരണങ്ങളാൽ പട്ടിക തിരുത്താമെന്നത് ഇ.സിയുടെ അവകാശമാണ്. അതിനുശേഷം മാത്രമേ നിങ്ങൾക്ക് എസ്.ഐ.ആർ നടത്താൻ കഴിയൂ. ഇതനുസരിച്ച് ബിഹാറിലോ കേരളത്തിലോ എസ്.ഐ.ആർ നടപ്പിലാക്കാൻ കഴിയില്ല’ -കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ഒരു കാബിനറ്റ് മന്ത്രി എന്നിവർ തെരഞ്ഞെടുപ്പ് പാനലിൽ ഉൾപ്പെടണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ പാനലിൽ രണ്ട് അംഗങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നാണ് എന്റെ നിർദേശം. രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെയും ഇന്ത്യൻ ചീഫ് ജസ്റ്റിസിനെയും. അത്തരമൊരു കമ്മിറ്റി ഇ.സിയെക്കുറിച്ചുള്ള സംശയങ്ങൾ നീക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും തിവാരി പറഞ്ഞു.
ബി.ആർ അംബേദ്കർ തെരഞ്ഞെടുപ്പ് കമീഷനെ ഒരു സ്ഥിരം സ്ഥാപനമാക്കുമെന്ന് ഉറപ്പാക്കിയതായിരുന്നതായും കോൺഗ്രസ് നേതാവ് പറഞ്ഞു. ഇ.സി ഒരു നിഷ്പക്ഷ അമ്പയറായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഖേദകരമെന്നു പറയട്ടെ ഈ വശത്ത് ഇരിക്കുന്ന നിരവധി അംഗങ്ങളും ജനങ്ങളും അതിന്റെ നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കേണ്ടതിന്റെ ആവശ്യകത അനുഭവിക്കുന്നുവെന്ന് പ്രതിപക്ഷനിരയെ ചൂണ്ടി തിവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.