ലഖ്നോ: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇൻഡ്യ മുന്നണി നേതാക്കളെ കുരങ്ങന്മാരെന്ന് വിളിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
യോഗി ആദിത്യനാഥ് ഒരു കൂട്ടം കുരങ്ങന്മാർക്കിടയിൽ ഇരുന്നാൽ ആർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയില്ലെന്നാണ് അഖിലേഷ് പ്രതികരിച്ചത്.
'പ്രധാനപ്പെട്ട വിഷയങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സത്യം പറഞ്ഞാൽ, അദ്ദേഹം കുരങ്ങുകൾക്കിടയിൽ ഇരുന്നാൽ, നിങ്ങൾക്കോ എനിക്കോ അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയില്ല.'-എന്നായിരുന്നു അഖിലേഷിന്‍റെ പരിഹാസം.
കഴിഞ്ഞ ദിവസം, കോൺഗ്രസ് എം.പിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെ പപ്പു, ടപ്പു, അക്കു എന്നീ പേരുകൾ വിളിച്ചാണ് ആദിത്യനാഥ് അവഹേളിച്ചത്. ബിഹാറിലെ ദർഭംഗയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ, മൂന്ന് കുരങ്ങന്മാരാണ് പ്രതിപക്ഷത്തിനായി പ്രചാരണം നടത്തുന്നതെന്ന് യോഗി പറഞ്ഞു.
“മഹാത്മ ഗാന്ധിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതു പോലെ, ഇന്ന് പപ്പു, ടപ്പു, അപ്പു എന്നീ പേരുകളുള്ള കുരങ്ങന്മാരാണ് ഇൻഡ്യ മുന്നണിക്കുള്ളത്. പപ്പുവിന് സത്യമോ നല്ലതെന്തെങ്കിലുമോ പറയാനാകില്ല. ടപ്പുവിന് സത്യം കാണാനും അപ്പുവിന് കേൾക്കാനും കഴിയില്ല. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തേജസ്വി യാദവും ഇൻഡ്യ സഖ്യത്തിന്റെ പുതിയ മൂന്ന് കുരങ്ങന്മാരാണ്. ഇവർ ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരുമാണ്. ഇവർ കുടുംബ മാഫിയകളെ പ്രലോഭിപ്പിച്ച് ശിഷ്യന്മാരാക്കി ബിഹാറിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നു. ബിഹാറിൽ ജാതിയെ ജാതിക്കെതിരെ തിരിച്ചുവിട്ടു. തോക്കുകളും പിസ്റ്റളുകളും ഉപയോഗിച്ച് ബിഹാറിന്റെ മുഴുവൻ സംവിധാനവും അലങ്കോലമാക്കി” -യോഗി പറഞ്ഞു.
കോൺഗ്രസും ആർ.ജെ.ഡിയും സമാജ്വാദി പാർട്ടിയും ബിഹാറിൽ കുറ്റവാളികളെ കെട്ടിപ്പിടിക്കുകയാണെന്നും നുഴഞ്ഞുകയറ്റക്കാരെ വിളിച്ചുകയറ്റി സംസ്ഥാനത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും യോഗി ആരോപിച്ചു. “നമ്മൾ ഭിന്നിക്കുകയില്ല, പരസ്പരം പോരടിക്കുകയുമില്ല എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം അധികാരത്തിലിരുന്നപ്പോൾ റേഷൻ കടകൾ കൊള്ളയടിക്കപ്പെട്ടു. ഇന്ന് ബിഹാറിലുള്ളവർ ഉൾപ്പെടെ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ട്” - യോഗി കൂട്ടിച്ചേർത്തു.
പട്ന: വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഒമ്പത് മണിവരെ 13.3 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
പട്നയിലെ ബൂത്തിൽ സ്ലിപ്പ് ഇല്ലാതെ എത്തിയവരെ തെരഞ്ഞെടുപ്പ് വരണാധികാരി വോട്ട് ചെയ്യാൻ അനുവദിച്ചില്ല. ഇതോടെ ബൂത്തിന് പുറത്ത് യുവതികൾ പ്രതിഷേധിച്ചു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടത്തിൽ 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1314 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 122 പേർ സ്ത്രീകളാണ്. 3.75 കോടി ജനങ്ങളാണ് ഒന്നാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക.
പ്രശാന്ത് കിഷോറിന്‍റെ ജൻ സൂരജ് പാർട്ടി 119 സ്ഥാനാർഥികളെ മത്സരപ്പിക്കുന്നുണ്ട്. ഇതിൽ ഭോറയിൽ മത്സരിക്കുന്ന പ്രീതി കിന്നാർ ട്രാൻസ്ജെൻഡർ ആണ്. എസ്.ഐ.ആർ നടപ്പാക്കി തയാറാക്കിയ വോട്ടർ പട്ടികയാണ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. 243 സീറ്റുകളിൽ ബാക്കിയുള്ള 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് 10ന് നടക്കും. 14ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
2020ൽ മൂന്നു ഘട്ടങ്ങളായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടന്നത്. എൻ.ഡി.എ സഖ്യം125 സീറ്റിലും ആർ.ജെ.ഡിയുടെ മഹാസഖ്യം 110 സീറ്റിലും വിജയിച്ചു. ജെ.ഡി.യു 43 സീറ്റും കോൺഗ്രസ് 19 സീറ്റും നേടി. ജെ.ഡി.യു 115 സീറ്റിലും ബി.ജെ.പി 110 സീറ്റിലും ആർ.ജെ.ഡി 144 സീറ്റിലും കോൺഗ്രസ് 70 സീറ്റിലുമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.