ന്യൂഡൽഹി: ആപ്പ് അധിഷ്‌ഠിത ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയോട് മുസ്‍ലിം ഡെലിവെറി ബോയ് വേണ്ട എന്ന് ഉപയോക്താവ്. ഹൈദരാബാദ് ഉപഭോക്താവിന്റെ അസാധാരണമായ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ വൻ രോഷത്തിന് കാരണമായി. പലരും ആവശ്യക്കാരൻ മതാന്ധൻ ആണെന്ന് വിമർശിച്ചു. സ്വിഗ്ഗി വഴി റെസ്റ്റോറന്റിന് നൽകിയ നിർദ്ദേശങ്ങളിൽ, ഒരു മുസ്ലീം ഡെലിവറി വ്യക്തിയെ തങ്ങൾക്ക് ആവശ്യമില്ലെന്ന് ഉപഭോക്താവ് പറയുകയായിരുന്നു.
ഗിഗ് എക്കണോമിയിൽ ജോലി ചെയ്യുന്ന തൊഴിലാളി സംഘടനയുടെ തലവൻ ഷെയ്ക് സലാഹുദ്ദീൻ, സ്വിഗ്ഗി ഓർഡറിന്റെ സ്ക്രീൻഷോട്ട് പങ്കിടുകയും ഇതിനെതിരെ നിലപാട് സ്വീകരിക്കാൻ സ്ഥാപനത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, സിഖ് എന്നിങ്ങനെ എല്ലാവർക്കും ഭക്ഷണം എത്തിക്കാൻ ഞങ്ങൾ ഇവിടെയുണ്ട് -അദ്ദേഹം പറഞ്ഞു.
"പ്രിയ സ്വിഗ്ഗി, ദയവായി ഇത്തരമൊരു ഭ്രാന്തൻ അഭ്യർത്ഥനക്കെതിരെ ഒരു നിലപാട് എടുക്കുക. ഞങ്ങൾ ഡെലിവറി തൊഴിലാളികൾ ഇവിടെയുണ്ട്. അത് ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, സിഖ് എന്നൊന്നും നോക്കിയല്ല വിതരണം. മദ്ഹബ് നഹി സിഖാതാ ആപാസ് മേ ബൈർ രഖ്‌ന" -അദ്ദേഹം ട്വീറ്റ് ചെയ്തു. വിവാദത്തോട് സ്വിഗ്ഗി ഇതുവരെ പ്രതികരിച്ചിട്ടില്ല. രോഷം പ്രകടിപ്പിച്ചവരിൽ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് എം. പി കാർത്തി ചിദംബരവും ഉൾപ്പെടുന്നു.
"മതത്തിന്റെ പേരിൽ തൊഴിലാളികൾ ഇത്തരം നഗ്നമായ മതഭ്രാന്ത് നേരിടുന്നത് കമ്പനികൾക്ക് നോക്കിനിൽക്കാനാവില്ല. ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അത്തരം കമ്പനികൾ എന്ത് നടപടി സ്വീകരിക്കും?" -സ്വിഗ്ഗിയെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.