ന്യൂഡല്‍ഹി: നേരത്തേയുള്ള ഉപാധികള്‍ ഒഴിവാക്കി ഡല്‍ഹിയില്‍ എല്ലാവര്ക്കും കോവിഡ് പരിശോധന നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും െലഫ്റ്റനൻറ് ഗവര്‍ണര്‍ അനില്‍ ബൈജലും സര്‍വകക്ഷി യോഗത്തില്‍ ഉറപ്പുനല്‍കി. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി.
രാജ്യ തലസ്ഥാനത്ത് കോവിഡ് ബാധ കുതിച്ചുയരുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്നാണ് അമിത് ഷാ സര്‍വകക്ഷി യോഗം വിളിച്ചത്. കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കക്ഷിഭേദമന്യേ യോഗത്തില്‍ ആവശ്യമുയർന്നു. ജൂണ്‍ 20ഒാടെ ഡല്‍ഹിയില്‍ പ്രതിദിനം 18,000 കോവിഡ് പരിശോധന നടത്തുമെന്നും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും വളൻറിയര്‍മാരും സഹായിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
കോവിഡ് പരിശോധന ഡല്‍ഹിയിലെ എല്ലാവര്ക്കും നടത്തണമെന്നും പോസിറ്റീവാണെന്ന് കണ്ടെത്തുന്ന ഓരോ കുടുംബത്തിനും 10,000 രൂപ അനുവദിക്കണമെന്നും കോണ്‍ഗ്രസ് യോഗത്തില്‍ ആവശ്യപ്പെട്ടു. നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെണ്ടയ്ൻമെൻറ് സോണില്‍ സര്‍വേ നടത്തി എല്ലാവരെയും പരിശോധിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ലഫ്റ്റനൻറ് ഗവര്‍ണര്‍ അനില്‍ ബൈജൽ, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്ധൻ എന്നിവരുമായി ഞായറാഴ്ച യോഗം ചേര്‍ന്ന ശേഷമാണ് അമിത് ഷാ സര്‍വകക്ഷി യോഗം വിളിച്ചത്. യോഗശേഷം ലോക്നായക് ആശുപത്രിയില്‍ അമിത് ഷാ മിന്നല്‍പര്യടനം നടത്തി.
അതിനിടെ ഡല്‍ഹിയില്‍ വീണ്ടും ലോക്ഡൗണ്‍ നടപ്പാക്കാൻ പദ്ധതിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. സര്‍വകക്ഷി യോഗം കഴിഞ്ഞയുടന്‍ ട്വിറ്ററിലൂടെയാണ് ദിവസങ്ങളായി ഡല്‍ഹിയില്‍ നടക്കുന്ന ലോക്ഡൗൺ പ്രചാരണം കെജരിവാള്‍ നിഷേധിച്ചത്.
രാജ്യത്ത് ലോക്ഡൗണ്‍ നടപ്പാക്കിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ച കെജരിവാള്‍, ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട മുഖ്യമന്ത്രിമാരിലൊരാളാണ്. ജൂലൈ അവസാനത്തോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5.5 ലക്ഷം കവിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിൽ ഡല്‍ഹിയിലെ ആശുപത്രികളില്‍ 80,000 കിടക്കകള്‍ വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.