ഐ.എസ്.ആർ.ഒയിൽ ലിംഗവിവേചനമില്ല; കഴിവാണ് പ്രധാനം -ആദിത്യ എൽവൺ ദൗത്യത്തിന് ചുക്കാൻ പിടിച്ച നിഗർ ഷാജി പറയുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽവൺ ലക്ഷ്യം കണ്ടതോടെ സൂര്യനേക്കാൾ​ ശോഭയോടെ പുഞ്ചിരിക്കുകയാണ് ദൗത്യത്തിന് ചുക്കാൻ പിടിച്ച നിഗർ ഷാജി. ഇന്ത്യയുടെ പ്രഥമ സൗരദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ ആണ് ഈ 59കാരി. ഐ.എസ്.ആർ.ഒയിൽ ഒരിക്കലും ലിംഗവിവേചനം നേരിട്ടിട്ടില്ലെന്ന് നിഗാർ പറയുന്നു. എല്ലാവരും കഴിവിന്റെ പരമാവധി ജോലി ചെയ്യുന്നു. കഴിവാണ് ഇവിടെ പ്രധാനം, മറ്റൊന്നും ആരും ശ്രദ്ധിക്കുക കൂടിയില്ലെന്ന് അവർ അടിവരയിടുന്നു. ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് ബഹിരാകാശ അധിഷ്ഠിത സൗരോർജ നിരീക്ഷണാലയങ്ങൾ നിർമിക്കാൻ ശ്രമം നടത്തിയതെന്ന് നിഗർ ഷാജി പറയുന്നു.

ഐ.എസ്.ആർ.ഒയുടെ സ്വപ്ന പദ്ധതികളിൽ എപ്പോഴും ഹീറോകളായി സ്ത്രീകളും കാണും. ചന്ദ്രയാൻ 2 ദൗത്യത്തിന് നേതൃത്വം നൽകിയിരുന്നത് മുത്തയ്യ വനിതയായിരുന്നു. ഭൗമ ചിത്രീകരണ ഉപഗ്രഹത്തിന്റെ നിർമാണത്തിന് ​നേതൃത്വം നൽകിയത് തേൻമൊഴി സെൽവിയും. അടുത്തിടെ, വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായി കെ. കൽപ്പന ചുമതലയേറ്റു.

തമിഴ്നാട്ടിലെ തെങ്കാശി ജില്ലയാണ് നിഗറിന്റെ സ്വദേശം. കർഷകനായ ഷെയ്ഖ് മീരാന്റെയും വീട്ടമ്മയായ സൈത്തൂൺ ബീവിയുടെയും മകൾ. മാത്തമാറ്റിക്സ് ബിരുദധാരിയാണ് ഷെയ്ഖ് മീരാൻ. സ്വന്തം ഇഷ്ടപ്രകാരം കൃഷിയിലേക്ക് തിരിയുകയായിരുന്നു. നൊബേൽജേതാവായ മേരി ക്യൂറിയുടെ ജീവിത കഥ ​കേട്ടാണ് നിഗർ വളർന്നത്. നിഗറിനെ ഡോക്ടറാക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആ​ഗ്രഹം. എന്നാൽ എൻജിനീയറാകാനായിരുന്നു അവർക്കിഷ്ടം. സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

തിരുനെൽവേലി സർക്കാർ എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം നേടിയ ശേഷം നിഗർ ഷാജി റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേർന്നു. 1987 ൽ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ ചേർന്ന നി​ഗർ ഷാജി അതിനു ശേഷം ബംഗളൂരുവിലെ യു.ആർ.റാവു സാറ്റലൈറ്റ് സെന്ററിലും സേവനം അനുഷ്ഠിച്ചു. ഐ.എസ്.ആർ.ഒയിലെ സാറ്റലൈറ്റ് ടെലിമെട്രി സെന്ററിന്റെ മേധാവി കൂടിയായിരുന്നു നി​ഗർ. ഇന്ത്യൻ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ റിസോഴ്‌സ്‌സാറ്റ് -2 എയുടെ (Resourcesat-2A) അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമ്മയ്ക്കും മകൾക്കുമൊപ്പം ബംഗളൂരുവിലാണ് താമസം. ഭർത്താവ് വിദേശത്ത് എൻജിനീയറായി ജോലി ചെയ്യുകയാണ്. മകൻ നെതർലാൻഡിൽ ശാസ്ത്രജ്ഞനാണ്.

Tags:    
News Summary - No Gender Bias At ISRO, Only Talent Matters: Woman Behind Aditya L1 Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.