ബാബരിക്ക് പകരം അനുവദിച്ച അഞ്ചേക്കർ ഭൂമിയിലെ പള്ളിക്ക് ഫണ്ടില്ല; പദ്ധതിയിൽ നിന്ന് ആശുപത്രിയും ലൈബ്രറിയും ഒഴിവാക്കി

ലഖ്നോ: ബാബരി മസ്ജിദിന് പകരം അനുവദിച്ച ഭൂമിയി​ലെ പള്ളിസമുച്ചയ നിർമാണം വെട്ടിച്ചുരുക്കുന്നു. ബാബരി കേസിലെ സുപ്രീംകോടതിയുടെ 2019ലെ വിധിയുടെ ഭാഗമായി മുസ്‍ലിം സമൂഹത്തിന് അനുവദിച്ച ഭൂമിയിലെ പള്ളി സമുച്ചയ പദ്ധതിയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചുരുക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇൻഡോ-ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ അറിയിച്ചു. സമൂഹത്തിൽ നിന്ന് പ്രതീക്ഷിച്ചത്ര സാമ്പത്തിക പിന്തുണ ലഭിക്കാത്തതാണ് പദ്ധതിയിൽ മാറ്റം വരുത്താൻ കാരണമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ബാബരി മസ്ജിദ് തകർ​ത്ത ഭൂമി ഹിന്ദു പക്ഷത്തിന് അനുവദിച്ച സുപ്രീംകോടതി, പള്ളി നിർമിക്കാൻ മുസ്‍ലിം സമൂഹത്തിന് അഞ്ച് ഏക്കർ ഭൂമി അനുവദിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചിരുന്നു. തുടർന്ന് പള്ളിയും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കാൻ ഇൻഡോ-ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു.


ആദ്യഘട്ട പദ്ധതിപ്രകാരം പള്ളിക്കൊപ്പം 300 കിടക്കകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയും ലൈബ്രറിയും ഉൾപ്പെടുന്ന വലിയ സമുച്ചയമാണ് നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആവശ്യമായ ധനസമാഹരണം നടക്കാത്തതിനാൽ ആ പദ്ധതി ഉപേക്ഷിച്ചതായി ഫൗണ്ടേഷൻ ചെയർമാൻ സഫർ അഹമ്മദ് ഫാറൂഖി വ്യക്തമാക്കി. സമൂഹത്തിൽ പദ്ധതിയോട് പ്രതീക്ഷിച്ച താൽപര്യം ഉണ്ടായിട്ടില്ല. ലഭിച്ച സംഭാവനകൾ മതിയായതല്ല. അതിനാൽ ആദ്യം ആലോചിച്ചതിനേക്കാൾ വളരെ ചെറിയ പള്ളിയാണ് ഇനി നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത് -ഫാറൂഖി പറഞ്ഞു.

പുതിയ പദ്ധതിക്കായി ഏകദേശം 3 കോടി മുതൽ 5 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഇതുവരെ വെറും 1.5 കോടി രൂപ മാത്രമാണ് സംഭാവനയായി ലഭിച്ചതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ പറയുന്നു.

യു.പി സർക്കാർ പദ്ധതിക്കായി അനുവദിച്ച അഞ്ചേക്കർ ഭൂമി അയോധ്യയിലെ ധന്നിപ്പൂർ ഗ്രാമത്തിലാണ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തുനിന്നും ഏകദേശം 25 കി.മീറ്റർ അകലെയാണ് ഈ അഞ്ചേക്കർ ഭൂമി സ്ഥിതി ചെയ്യുന്നത്. ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെ നേതൃത്വത്തിലാണ് ഇൻഡോ-ഇസ്‍ലാമിക് കൾചറൽ ഫൗണ്ടേഷൻ രൂപീകരിച്ചത്.

2019ൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രിംകോടതി ബെഞ്ചാണ് ബാബരി കേസിൽ വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റു അംഗങ്ങൾ. ബാബരി നിലനിന്നിരുന്ന 2.7 ഏക്കർ ഭൂമി രാമക്ഷേത്ര നിർമാണത്തിനായി സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറണമെന്നും പള്ളി നിർമിക്കാൻ അയോധ്യയിലെ ബാബരി മസ്ജിദിന് പകരം ധന്നിപ്പൂർ വില്ലേജിൽ അഞ്ചേക്കർ ഭൂമി നൽകുമെന്നുമായിരുന്നു ഉത്തരവ്.

Tags:    
News Summary - No funds for mosque on 5 acres allotted in place of Babri Masjid; Hospital and library dropped from project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.