ചത്തീസ്ഗഡ്: ബൈകുണ്ഠ്പൂരിലെ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനായി എത്തിയ 17 വയസ്സുകാരിയായ പെൺകുട്ടി, മോഷണം നടത്തിയെന്ന വ്യാജ ആരോപണത്തെത്തുടർന്നുണ്ടായ മാനസിക പീഡനത്തിനൊടുവിൽ ജീവനൊടുക്കി. ജൂലൈ 7-നാണ് തന്റെ സഹോദരിക്കൊപ്പം പെൺകുട്ടി സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിലെത്തിയത്. അവിടെവെച്ച് കോസ്മെറ്റിക് സാധനങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് കടയുടമകളായ ദീപക് വൈദ്യ, വിനോദ് വൈദ്യ, ജഗത് വൈദ്യ എന്നിവർ അവരെ തടഞ്ഞുവെച്ചത്. പെൺകുട്ടിയുടെ സ്‌കൂട്ടർ പിടിച്ചുവെച്ച ഇവർ, അത് തിരികെ നൽകണമെങ്കിൽ 50,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും, മോഷണം സമ്മതിച്ചുകൊണ്ടുള്ള രേഖയിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തു.
ഭയചകിതരായ പെൺകുട്ടികൾ വീട്ടുകാരെ അറിയിക്കാതെ ഒരു അസിസ്റ്റന്റ് സബ്-ഇൻസ്‌പെക്ടറെ വിളിച്ച് കാര്യം പറഞ്ഞു. എന്നാൽ കടയുടമകൾ സ്‌കൂട്ടർ തിരികെ നൽകാൻ വിസമ്മതിച്ചു. പിറ്റേദിവസം രാവിലെ പിതാവ് കടയിലെത്തിയപ്പോഴും ഉടമകൾ അതേ തുക ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. ഈ സംഭവങ്ങൾ സൃഷ്ടിച്ച കടുത്ത മാനസിക സമ്മർദ്ദത്തിലും അപമാനഭാരത്താലും പെൺകുട്ടി വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിക്കുകയായിരുന്നു.
ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ പിതാവ് പൊലീസ് കോൺസ്റ്റബിളാണ്. കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ കടയുടമകൾക്കെതിരെ ആത്മഹത്യാ പ്രേരണ, പിടിച്ചുപറി, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ സൂപ്പർമാർക്കറ്റ് സീൽ ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.