അമൈറ കൈകൂപ്പി അഭ്യർഥിച്ചിട്ടും പരാതി കേൾക്കാൻ അധ്യാപിക തയ്യാറായില്ല; മരണത്തിന് തൊട്ടുമുമ്പ് ക്ലാസിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ജയ്പൂരിലെ നീരജ മോദി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി അമൈറ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ ക്ലാസ് മുറിയിൽ നിന്നുള്ള പുതിയ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. വിഷയത്തിൽ കുടുംബത്തിന്‍റെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് അമൈറയുടെ മരണത്തിന് തൊട്ടുമുമ്പ് ക്ലാസ് റൂമിൽ നിന്നുള്ള ദൃശ്യങ്ങൾ. കഴിഞ്ഞ നവംബറിലായിരുന്നു കുട്ടി സ്കൂൾ കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചത്. കൈകൂപ്പി അപേക്ഷിച്ചിട്ടും അധ്യാപിക അമൈറയുടെ പരാതി കേൾക്കാൻ തയ്യാറായില്ലെന്നും അസ്വസ്ഥയായ കുട്ടി ക്ലാസ് റൂമിൽ നിന്ന് പുറത്തേക്ക് ഓടുമ്പോഴോ, ഒന്നാം നിലയിൽ നിന്ന് നാലാം നിലയിലേക്ക് ഓടിക്കയറുമ്പോഴോ ആരും തന്നെ തടയാൻ ശ്രമിച്ചില്ലെന്നും വ്യക്തമാക്കുന്നകതാണ് ദൃശ്യങ്ങൾ.

സംഭവദിവസം അമൈറ ശാന്തമായാണ് ക്ലാസ് മുറിയിലേക്ക് പ്രവേശിച്ചതെന്ന് ദൃശ്യങ്ങളിൽ കാണാം. കുട്ടി ഒരു സുഹൃത്തിനെ അഭിവാദ്യം ചെയ്യുകയും പിന്നീട് മറ്റ് കുട്ടികളോടൊപ്പം ഡാൻസ് ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു.

തിരികെ ക്ലാസ് മുറിയിലെത്തിയപ്പോൾ, ചില കുട്ടികൾ ഡിജിറ്റൽ സ്ലേറ്റ് നോക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ സ്ലേറ്റ് അമൈറയെ പലതവണ കാണിച്ചതായും, അതിനുശേഷം അവളുടെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടായതായും ദൃശ്യങ്ങളിൽ കാണാം. പിന്നീട് കുട്ടി അസ്വസ്ഥയാവുന്നതും പഠനകാര്യങ്ങളിൽ നിന്ന് കൂടുതൽ ഒഴിഞ്ഞുനിൽക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇതിനിടെ അമൈറ പലതവണ ക്ലാസ് അധ്യാപികയെസമീപിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

പലപ്പോഴും മറ്റൊരു വിദ്യാർഥി കൂടി വന്ന് അധ്യാപികയോട് സംസാരിക്കുന്നതായും, അതോടെ അമൈറയുടെ പരാതിയിൽ നിന്ന് അധ്യാപികയുടെ ശ്രദ്ധ മാറുന്നതായും ദൃശ്യങ്ങളിൽ കാണാം. അമൈറയുടെ പരാതി കേൾക്കാൻ അധ്യാപിക തയ്യാറായിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നെന്ന് കുടുംബം ആരോപിക്കുന്നു. അമൈറ കൂടുതൽ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതും പ്രശ്നം വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ കൈകൾ കൂപ്പുന്നതും, വായയും തലയും പൊത്തുന്നതും ദൃശ്യങ്ങളിലുണ്ട്. തൊട്ടുപിന്നാലെ, അമൈറ ക്ലാസ് മുറിയിൽ നിന്ന് തനിച്ച് ഇറങ്ങിപ്പോകുന്നു. അവൾ ഇടനാഴികളിലൂടെ വേഗത്തിൽ നടന്ന് ഗോവണിപ്പടിയിലേക്ക് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

നവംബർ 1-ന് നാലാം നിലയിലെ റെയിലിങിൽ നിന്ന് 48 അടിയോളം ഉയരത്തിൽ നിന്നാണ് അമൈറ വീണത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് അമൈറയുടെ കുടുംബം ആരോപിക്കുന്നു. ക്ലാസ് അധ്യാപികക്കും സ്കൂൾ പ്രിൻസിപ്പലിനും ചെയർമാനുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ കർശനമായ വകുപ്പുകൾ ചുമത്തണമെന്ന് ആവശ്യപ്പെടുന്നു.

അമൈറ 18 മാസമായി സൈബർ അധിക്ഷേപത്തിന് ഇരയായിരുന്നുവെന്നും കുട്ടിക്കെതിരെ മോശം പദം ഉപയോഗിച്ചിരുന്നുവെന്നും സി.ബി.എസ്.ഇ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 18 മാസത്തിനിടെ അമൈറ സഹപാഠികളാൽ നിരന്തരം ഉപദ്രവിക്കപ്പെട്ടതിന്റെ നിരവധി സംഭവങ്ങൾ സി.ബി.എസ്.ഇ റിപ്പോർട്ടിൽ ഉദ്ധരിച്ചിട്ടുണ്ട്. വിഷയത്തിൽ പിതാവ് സ്കൂൾ അധികൃതർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. മിടുക്കിയും സൗഹൃദപരമായ പെരുമാറ്റമുള്ളവളും എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച വിദ്യാർഥിയുമാണ് അമൈറ എന്നും കേസിൽ പലരും മൊഴി നൽകിയിരുന്നു. അമൈറയുടെ മരണം ജെയ്പൂരിൽ വിവാഗത്തിന് ഇടയാക്കിയിരുന്നു. മരണം നടന്ന് എട്ട് മാസം കഴിഞ്ഞതിന് ശേഷമാണ് പുറത്തുവന്നത്. ദൃശ്യങ്ങൽ സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഗരുരത അനാസ്ഥയുണ്ടെന്ന് വ്യക്താമാക്കുന്നുണ്ട്.  

Tags:    
News Summary - Bullying, Call For Help: CCTV Shows Moments Before Jaipur Schoolgirl's Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.