മമത ബാനർജി

‘എന്നെ നിശബ്ദയാക്കണമെങ്കിൽ, നിങ്ങൾക്ക് എന്നെ കൊല്ലേണ്ടി വരും’ -ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് മമതയുടെ വീഡിയോ സന്ദേശം

കൊൽക്കത്ത: പാർട്ടിയിലെ പ്രതിസന്ധികൾക്കിടെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ബി.ജെ.പി ലക്ഷ്യമിടുകയാണെന്ന് ആരോപിച്ച പാർട്ടി അധ്യക്ഷ, ഭരണകക്ഷിക്ക് തങ്ങളെ നിശബ്ദരാക്കാനോ ടി.എം.സിയെ തകർക്കാനോ കഴിയില്ലെന്ന് വ്യക്തമാക്കി സമൂഹമാധ്യമത്തിൽ വിഡിയോ സന്ദേശം പങ്കുവെച്ചു. 

തൃണമൂൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയുടെ സമയത്താണ് മമത മൗനം വെടിഞ്ഞ് രംഗത്തെത്തിയത്. ‘എന്നെ നിശബ്ദയാക്കാൻ, നിങ്ങൾ എന്നെ കൊല്ലേണ്ടി വരും. അതെ, അതിനായി നിങ്ങൾ ഒരു ശ്രമവും പാഴാക്കിയില്ല. പാർട്ടിയെ ഭയപ്പെടുത്താൻ ബി.ജെ.പി ഒരു കല്ലും ബാക്കിവെച്ചിട്ടില്ല’ -അവർ പറഞ്ഞു.

മഹുവ മൊയ്ത്ര, അഭിഷേക് ബാനർജി, കല്യാൺ ബാനർജി എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പരാമർശിച്ച്, ഇവർ ആക്രമണങ്ങളും അപമാനങ്ങളും നേരിട്ടതായി കൂട്ടിച്ചേർത്തു. ‘നിങ്ങൾ ആരെയാണ് ആക്രമിക്കാത്തത്? നിങ്ങൾ മഹുവയെയും അഭിഷേകിനെയും കല്യാണിനെയും ആക്രമിച്ചു. എന്റെ വീടും നിങ്ങൾ ആക്രമിച്ചു’ -മമത പറഞ്ഞു.

തന്റെ പാർട്ടിയിലെ പല സഹപ്രവർത്തകരും കസ്റ്റഡിയിൽ കഴിയുകയാണ്. അവിടെ അവർ പീഡനങ്ങൾക്ക് ഇരയാകുന്നു. ചിലർ ലോക്കപ്പുകളിലെ തറയിൽ ഉറങ്ങാൻ നിർബന്ധിതരാകുന്നു. ചിലരെ അരയിൽ കയറുകളും കാലിൽ വിലങ്ങുകളുമായി നടത്തിക്കുന്നു. ചിലരുടെ തല മുണ്ഡനം ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ ജയിലധികൃതർ അസഭ്യം പറയുകയാണ്. ഇതെല്ലാം പറയാൻ തനിക്ക് ലജ്ജ തോന്നുന്നു.

പാർട്ടിയെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും തൃണമൂർ അതിന്റെ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും ഭയപ്പെടില്ലെന്നും മമത പറഞ്ഞു. ബംഗാളിലെ ചില സർക്കാർ സ്കൂളുകളിൽ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിൽ മുട്ടക്ക് പകരം സസ്യാഹാരങ്ങൾ നൽകാനുള്ള ബി.ജെ.പി സർക്കാറിന്റെ തീരുമാനത്തോട് പ്രതികരിച്ച അവർ, ഭരണകക്ഷി അടിസ്ഥാനപരമായ പൊതുജനക്ഷേമ പ്രശ്നങ്ങൾ അവഗണിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

‘ഉച്ചഭക്ഷണത്തിൽ കുട്ടികൾക്ക് മുട്ട ലഭിക്കുന്നില്ല. എന്നിട്ടും നിങ്ങൾ ഇത്തരം വിചിത്രമായ കോമാളിത്തരങ്ങളുടെ തിരക്കിലാണ്. ഇതൊരിക്കലും ബംഗാളിന്റെ സംസ്കാരമായിരുന്നില്ല. ഞങ്ങളും 15 വർഷം അധികാരത്തിലുണ്ടായിരുന്നു. എന്നാൽ, പൊലീസിനെക്കൊണ്ട് ഇത്തരം പ്രവൃത്തികൾ ഒരിക്കലും ചെയ്യിപ്പിച്ചിട്ടില്ല. സ്കൂൾ കുട്ടികളുടെ ആവശ്യങ്ങളേക്കാൾ രാഷ്ട്രീയ പ്രതികാരത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഉച്ചഭക്ഷണ പദ്ധതിയിൽ തൊഴിലെടുക്കുന്ന പാചകക്കാരും സഹായികളും കടുത്ത പ്രതിസന്ധിയിലാണെന്നും മമത കൂട്ടിച്ചേർത്തു.

അതേസമയം, സമൂഹമാധ്യമങ്ങൾ വഴിയാണ് മമത നിർണായക സന്ദേശം പുറത്തുവിട്ടത്. ‘ഗോദി മീഡിയ’ എന്ന് അവർ വിശേഷിപ്പിക്കുന്ന മാധ്യമങ്ങളോട് താൻ സംസാരിക്കില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഫേസ്‌ടൈം ലൈവ് വഴി ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തതെന്നാണ് ഇതിനോട് പാർട്ടി വൃത്തങ്ങളുടെ പ്രതികരണം. പാർട്ടി നേതാവായ ഡെറിക് ഒബ്രിയാൻ അടക്കമുള്ളവർ ഈ വീഡിയോ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Tags:    
News Summary - Mamata Slams BJP Over TMC Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.