പ്രയാഗ് രാജ്: ഉത്തർപ്രദേശിലെ ആശുപത്രിയിൽ രോഗിയുടെ ഒപ്പം നിൽക്കുന്ന ആൾ നമസ്കരിക്കുന്ന ചിത്രം വൈറലായതിനു പിന്നാലെ പ്രതികരണവുമായി പൊലീസ്. അതൊരു കുറ്റകൃത്യമല്ലെന്നായിരുന്നു പൊലീസ് നൽകിയ മറുപടി. അതേസമയം, ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കരുതെന്നാണ് നമസ്കരിച്ച സ്ത്രീക്ക് ആശുപത്രി അധികൃതർ നിർദേശം നൽകിയത്.
വാട്സ് ആപ് ഗ്രൂപ്പുകൾ വഴിയാണ് ആശുപത്രിയിൽ യുവതി നമസ്കരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചത്. പൊതുസ്ഥലങ്ങളിൽ നമസ്കരിക്കുന്നത് നിയമവിരുദ്ധമാണെന്ന തരത്തിൽ മറ്റൊരു സമൂഹമാധ്യമം വഴിയും വിഡിയോ പ്രചരിച്ചു. എന്നാൽ പ്രിയപ്പെട്ട ഒരാൾ ആശുപത്രിയിൽ കഴിയുമ്പോൾ സൗഖ്യത്തിനായി പ്രാർഥിക്കുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു ചിലയാളുകൾ ഉന്നയിച്ച ചോദ്യം.
സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നായിരുന്നു പ്രയാഗ് രാജ് പൊലീസ് ആദ്യം പറഞ്ഞത്. അന്വേഷണത്തിൽ യുവതി ആശുപത്രിയിൽ നമസ്കരിച്ചത് തെറ്റായ ലക്ഷ്യം വെച്ചിട്ടല്ലെന്നും അത് ആശുപത്രിയുടെ പ്രവർത്തനങ്ങളെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്നും പിന്നീട് ട്വീറ്റ് ചെയ്തു. അതിനാൽ ആശുപത്രിയിൽ നമസ്കരിച്ചത് ഒരു കുറ്റകൃത്യമായി കണക്കാനാവില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. നേരത്തേ ഇവർക്കെതിരെ കേസെടുത്തുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
അതേസമയം, പൊതുയിടങ്ങളിൽ നമസ്കാരം നടത്തരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് തേജ് ബഹാദൂർ സപ്രു ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. എം.കെ. അഖൗരി പ്രതികരിച്ചത്. മാസങ്ങൾക്ക് മുമ്പ് ലഖ്നോയിലെ ലുലു മാളിൽ നമസ്കരിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മധ്യപ്രദേശിലെ മാളിൽ നമസ്കരിച്ചവർക്ക് എതിരെയും ഹിന്ദു വലതുപക്ഷ സംഘങ്ങൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് രണ്ട് മാളുകളിലും മതപരമായ ആചാരങ്ങൾക്ക് വിലക്കേർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.