ന്യൂഡൽഹി: ഹലാൽ മുദ്രയുള്ള ഉൽപന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവ വിലക്കിയ ഉത്തരവിനെതിരായ പുതിയ ഹരജിയിൽ ഉത്തർപ്രദേശ് സർക്കാറിന് സുപ്രീംകോടതി നോട്ടീസ്. ജംഇയ്യത് ഉലമായെ ഹിന്ദ് ഹലാൽ ട്രസ്റ്റാണ് ഹരജി നൽകിയത്. നിരോധന ഉത്തരവ് മറയാക്കി അധികൃതരുടെ മുന്നിലേക്ക് വിളിപ്പിക്കുന്നതുപോലുള്ള സമ്മർദ നടപടികളൊന്നും ജംഇയ്യത് നേതാവ് മഹ്ബൂബ് മദനി അടക്കമുള്ള സംഘടന ഭാരവാഹികൾക്കെതിരെ ഉണ്ടാകരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു.
ഹലാൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജംഇയ്യത് ഉലമായെ മഹാരാഷ്ട്ര എന്നിവ യു.പി സർക്കാറിന്റെ വിവാദ ഹലാൽ ഉൽപന്ന വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജികളിലും യു.പി സർക്കാറിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിലാണ് യോഗി സർക്കാർ ഹലാൽ മുദ്രയുള്ള ഉൽപന്നങ്ങൾ നിരോധിച്ചത്. തൊട്ടുപിന്നാലെ സംസ്ഥാന വ്യാപകമായി മാളുകളിലും മറ്റും റെയ്ഡ് നടത്തി പൊലീസ് ഹലാൽ ഉൽപന്നങ്ങൾ പിടിച്ചെടുത്തു തുടങ്ങി. ഈ നിരോധനവും പൊലീസ് നടപടിയും മൗലികാവകാശ ലംഘനമാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് ഫയലിൽ സ്വീകരിച്ചെങ്കിലും യു.പി സർക്കാറിന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നില്ല.
ഹലാൽ ഉൽപന്ന നിരോധനത്തിനു പിന്നാലെ ജംഇയ്യത് അധ്യക്ഷനെ കാരണം കാണിക്കാതെ സംസ്ഥാന സർക്കാർ വിളിപ്പിച്ചിരിക്കുന്ന സ്ഥിതിവരെ ഉണ്ടായിരിക്കുകയാണെന്ന് വ്യാഴാഴ്ച ഹരജി പരിഗണിച്ചപ്പോൾ അഭിഭാഷകൻ എം.ആർ ഷംഷാദ് പറഞ്ഞു. അദ്ദേഹം നേരിട്ടു ഹാജരാകണമെന്നാണ് സർക്കാറിന്റെ നിർദേശം.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് അവരെ അറിയിക്കാൻ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവർ നിർദേശിച്ചു. ഇക്കാര്യം പറഞ്ഞിട്ടും അധികൃതർ അയഞ്ഞിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.
പ്രസിഡന്റ് തന്നെ ഹാജരാകാനാണ് നിർദേശം. മുൻ എം.പിയാണ് അദ്ദേഹം. താടിവെച്ച മനുഷ്യനാണ്. വിളിക്കുന്നതിന്റെ ലക്ഷ്യം മറ്റൊന്നാണ്. ടി.വി ചാനലുകളുടെ കാമറ ഉണ്ടാവും. ഇതൊക്കെ അതിരുകടന്ന നീക്കമാണ്. അദ്ദേഹത്തിന് കോടതി സംരക്ഷണം വേണം.
ഇതിനെതുടർന്നാണ് നിർബന്ധിത നടപടിയൊന്നും സ്വീകരിക്കരുതെന്ന് സർക്കാറിനോട് കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.