പട്ന: ബിഹാറിൽ ഈ വർഷം അവസാനം വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹിക സുരക്ഷാ പെൻഷൻ ഒറ്റയടിക്ക് കൂട്ടി നിതീഷ് കുമാർ. 400 രൂപയിൽ നിന്ന് 1100 രൂപയായാണ് ക്ഷേമപെൻഷൻ ഉയർത്തിയത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ക്ഷേമപെൻഷൻ വർധിപ്പിച്ചതെന്ന് പ്രതിപക്ഷ കക്ഷികളടക്കം വിമർശനമുന്നയിക്കുന്നു.
243 നിയമസഭാ സീറ്റുകളുള്ള ബിഹാറിൽ ജനതാദൾ യു-ബി.ജെ.പി സഖ്യത്തിന് 206 സീറ്റുണ്ട്. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. നിലവിൽ ബി.ജെ.പി അടക്കമുള്ള സഖ്യകക്ഷികളുമായി ചേർന്നാണ് ജനതാദൾ (യു) ഭരിക്കുന്നത്.
മുഖ്യമന്ത്രി നിതീഷ് കുമാർ ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗുണഭോക്താക്കൾക്ക് ജൂലൈ മുതൽ വർധിപ്പിച്ച ക്ഷേമ പെൻഷൻ ലഭിച്ചു തുടങ്ങും. എല്ലാ മാസവും പത്തിന് അക്കൗണ്ടിൽ തുക ലഭിക്കും.‘പ്രായമായവർ സമൂഹത്തിന്റെ വിലപ്പെട്ട ഭാഗമാണ്, അവരുടെ മാന്യമായ ജീവിതം ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. സംസ്ഥാന സർക്കാർ ഈ ദിശയിൽ ശ്രമങ്ങൾ തുടരുമെന്ന്’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.