മഹാസഖ്യത്തിലെ സാഹചര്യം ശരിയല്ല; അതിനാൽ രാജിവെച്ചു -പ്രതികരിച്ച് നിതീഷ് കുമാർ

പട്ന: താൻ രാജിവെച്ചതിന് കൃത്യമായ കാരണമുണ്ടെന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ. ബിഹാർ രാഷ്ട്രീയത്തിലെ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിതീഷ്. ഇന്ന് രാവിലെയാണ് ബിഹാർ ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറിയയ്. പുതിയ സർക്കാർ രൂപവത്കരിക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിതീഷിനോട് ആവശ്യപ്പെട്ടു.

''ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ മഹാഘഡ്ബന്ധൻ സഖ്യത്തിന്റെ ഭരണം അവസാനിച്ചു. ഇതുസംബന്ധിച്ച് എനിക്ക് പലരിൽ നിന്നും നിർദേശം ലഭിച്ചു. പുതിയ ബന്ധത്തിനായി ഞാൻ നേരത്തേയുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു. എന്നാൽ മഹാസഖ്യത്തിലെ സാഹചര്യം ശരിയല്ല. അതിനാലാണ് രാജിവെച്ചത്. ''-എന്നായിരുന്നു നിതീഷിന്റെ പ്രതികരണം. പാർട്ടി യോഗം ചേർന്ന് അടുത്ത കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പ്രതിപക്ഷ സഖ്യം രൂപീകരിക്കുകയുണ്ടായി. എന്നാൽ അതിൽ ആരും ഒന്നും ചെയ്യുന്നില്ലെന്നും നിതീഷ് കുമാർ ഇൻഡ്യ സഖ്യത്തെ കുറിച്ച് ആരോപിച്ചു. സഖ്യം തകർച്ചയുടെ വക്കിലാണ്. പഞ്ചാബ്, പശ്ചിമ ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ സഖ്യത്തിന്റെ സാധ്യത തന്നെ അസ്തമിച്ചു.-നിതീഷ് കൂട്ടിച്ചേർത്തു.

ഇന്ത്യാ ബ്ലോക്ക് രൂപീകരിക്കുന്നതിൽ മുൻനിരയിലുള്ള പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു നിതീഷ്. നിതീഷിന്റെ എൻ.ഡി.എ പ്രവേശനത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചിട്ടില്ല. അതിനിടെ, ബിഹാറിൽ ഓപറേഷൻ താമരക്ക് വഴിയൊരുക്കിയ നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര​മോദി അഭിനന്ദിച്ചു. 18 മാസം മുമ്പാണ് നിതീഷ് മഹാസഖ്യത്തിന്റെ ഭാഗമായത്.



Tags:    
News Summary - Nitish Kumar Explains Reason Behind Resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.