ലഖ്നോ: നോയ്ഡയിലെ കുപ്രസിദ്ധമായ നിതാരി കൂട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി സുേരന്ദ്ര കോലിയെ വെറുതെ വിട്ട സുപ്രീംകോടതി നടപടിയിൽ അതൃപ്തി പരസ്യമാക്കി ഇരകളുടെ കുടുംബം. തങ്ങളുടെ കുട്ടികളെ കൊലപ്പെടുത്തിയത് പ്രേതം ആണോ എന്നായിരുന്നു വിധിയിൽ നിരാശരായ ഇരകളുടെ കുടുംബാംഗങ്ങളുടെ ചോദ്യം.
ചൊവ്വാഴ്ച അവസാന കേസിലും കോലിയെ സുപ്രീം കോടതി വെറുതെ വിട്ടതോടെയാണ് കോലിയുടെ മോചനത്തിന് വഴിയൊരുങ്ങിയത്. 13 കൊലക്കേസുകളാണ് കോലിക്കെതിരെ ചുമത്തിയിരുന്നത്. നേരത്തെ 12 കേസിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. അവശേഷിച്ച കേസിൽ സുപ്രീം കോടതി സുരേന്ദ്ര കോലിയുടെ ക്യൂറേറ്റീവ് പെറ്റീഷൻ അനുവദിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. നേരത്തെ കൂട്ടുപ്രതികളിലൊരാളായ മൊനീന്ദർ സിങ് പാന്ഥറിനെയും കോടതി വെറുതെ വിട്ടിരുന്നു.
''മൊനീന്ദറിനെ കുറ്റവിമുക്തനാക്കിയപ്പോഴും ഇതേ വേദന അനുഭവിച്ചതാണ് ഞങ്ങൾ. പൊലീസിനു മുന്നിൽ പാന്ഥർ കുറ്റം ഏറ്റുപറഞ്ഞിരുന്നു. കോലിയും പാന്ഥറും അല്ലെങ്കിൽ പിന്നെ എന്തുെകാണ്ടാണ് ഇത്രയും കാലം അവർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. എന്തിനാണ് അവർക്ക് വധശിക്ഷ വിധിച്ചത്? അവരല്ല, ഈ കൊലപാതകങ്ങൾക്ക് ഉത്തരവാദികളെങ്കിൽ പിന്നൊ മറ്റാരാണ് ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞത്''-വിധി കേട്ടയുടൻ ഇരകളിലൊരാളുടെ പിതാവ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
''മൊനീന്ദറും കോലിയും നിരവധി കുട്ടികളെയാണ് കരുണയില്ലാതെ കൊന്നുകളഞ്ഞത്. എന്നാൽ കേസിൽ അവർക്കെതിരെ ഒന്നും ചെയ്യാനായില്ല. അപ്പോൾ ആരാണ് ശരിക്കും കുറ്റവാളികൾ? ആ വീട്ടിൽ കുഞ്ഞുങ്ങളെ കൊല്ലാനായി പ്രേതം ഒളിച്ചിരിക്കുകയായിരുന്നോ? അവർ ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അവയവങ്ങളെടുത്ത് മാഫിയക്ക് വിൽപന നടത്തുകയായിരുന്നു. ഇപ്പോഴവർ പറയുന്നു തങ്ങൾ നിരപരാധികളാണെന്ന്. നിയമം അവരെ വെറുതെ വിടുകയും ചെയ്തു. എന്നാൽ ദൈവത്തിന്റെ കോടതിയിൽ അവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും''-കൊല്ലപ്പെട്ട മറ്റൊരു കുഞ്ഞിന്റെ അമ്മ കണ്ണീരോടെ ചോദിക്കുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഈ കേസിൽ മൊനീന്ദറിനെ കുറ്റവിമുക്തനാക്കിയത്.
കേട്ടുകേഴ്വിയില്ലാത്ത ക്രൂരതയും നിഗൂഢതയും കൊണ്ട് ദേശീയ തലത്തിൽ കുപ്രസിദ്ധമായതാണ് നിതാരി കൊലക്കേസ്. 2006 ഡിസംബറിൽ ഉത്തർപ്രദേശിലെ നോയ്ഡയിലുള്ള നിതാരി ഗ്രാമത്തിലെ വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായിരുന്നു തുടക്കം. 2005-2006 കാലത്ത് ഗ്രാമത്തിൽനിന്ന് കാണാതായ പെൺകുട്ടികളുടെ ശരീരാവശിഷ്ടങ്ങളാണു കണ്ടെത്തിയത്.
അന്വേഷണത്തിൽ, വീട്ടുടമ മൊനീന്ദർ സിങ് പാന്ഥറും സഹായി സുരേന്ദ്ര കോലിയും അറസ്റ്റിലായി. ഇവരെ ചോദ്യംചെയ്തതിൽനിന്ന് ഒരുവർഷത്തിലേറെ അരങ്ങേറിയ ലൈംഗികവൈകൃതങ്ങളുടെയും കൊലപാതകങ്ങളുടെയും മനസുമരവിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ബിസിനസുകാരനായ മൊനീന്ദർ സിങ് പാന്ഥറുടെ നിതാരി ഗ്രാമത്തിലെ സെക്ടർ 31-ലെ ഡി-5 വീട്ടിൽ ഇരുപതുകാരിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഉൾപ്പെടെ ഒട്ടേറെപ്പേരെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. പാന്ഥറുടെ വീടിനുസമീപത്തെ അഴുക്കുചാലിൽനിന്ന് 19 തലയോട്ടികളും അസ്ഥികളും കണ്ടെത്തിയിരുന്നു. 11 പെൺകുട്ടികൾ, ഒരു യുവതി, ആറു ആൺകുട്ടികൾ എന്നിവരുടെ അവശിഷ്ടങ്ങൾ ലഭിച്ചതായാണ് ശാസ്ത്രീയപരിശോധനാ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള പോലീസിന്റെ കുറ്റപത്രം.
നുണപരിശോധനയിൽ തങ്ങൾ ചെയ്തുകൂട്ടിയ ക്രൂരതകളെല്ലാം സുരേന്ദ്ര കോലി അന്വേഷണസംഘത്തോടു വിവരിച്ചു. കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിൽവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മറവുചെയ്യുകയുമായിരുന്നു ഇവരുടെ രീതി. പ്രതികൾ മൃതശരീരം പാകംചെയ്ത് കഴിച്ചതായും മൊഴികളിലുണ്ട്.
2014 സെപ്റ്റംബർ എട്ടിന് സുരേന്ദ്ര കോലിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നരമണിക്കൂർമുമ്പാണ് റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. 2014 സെപ്റ്റംബർ എട്ടിന് പുലർച്ചെനടന്ന വിധിപ്രസ്താവം അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു. ജസ്റ്റിസുമാരായ എച്ച്.ആർ. ദത്തു, എ.ആർ. ദാവെ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
2006 ഡിസംബർ 29-നാണ് പ്രതികൾ പിടിയിലാകുന്നത്. കുട്ടികളുൾപ്പെടെയുള്ളവരെ സുരേന്ദ്ര കോലിയും മൊനീന്ദർ സിങ്ങും വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മാംസഭാഗങ്ങൾ ഭക്ഷിക്കുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ശേഷം അവശിഷ്ടങ്ങൾ കഷണങ്ങളാക്കി വീടിനുപിറകിൽ കുഴിയെടുത്ത് മൂടുകയായിരുന്നെന്നും സി.ബി.ഐ. കണ്ടെത്തി.
കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകൾചുമത്തി 19 കേസാണ് സി.ബി.ഐ. 2007 ൽ ഇരുവർക്കുമെതിരേ ചുമത്തിയത്. ഇതിൽ മൂന്നുകേസ് തെളിവുകളുടെ അഭാവത്തിൽ പിന്നീട് റദ്ദാക്കി. പിന്നീട് മതിയായ തെളിവുകളുടെ അഭാവം ചൂണ്ടി സുരേന്ദ്ര കോലിയെ വിചാരണക്കോടതി വധശിക്ഷവിധിച്ച 12 കേസുകളിലും കൂട്ടുപ്രതി മൊനീന്ദർ സിങ് പാന്ഥറിനെ വധശിക്ഷ വിധിച്ച രണ്ട് കേസുകളിലും അലഹാബാദ് ഹൈകോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.