മുംബൈ: നാസിക് ടി.സി.എസിലെ മതംമാറ്റ, ലൈംഗികാതിക്രമ കേസിൽ ഒളിവിൽ കഴിയവെ ഛത്രപതി സംഭാജി നഗറിൽനിന്ന് വ്യാഴാഴ്ച അർധരാത്രി അറസ്റ്റ് ചെയ്ത നിത ഖാനെ നാസിക് കോടതി തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.രണ്ട് മാസം ഗർഭിണിയായതിനാൽ എല്ലാ ദിവസവും രണ്ടുനേരം അമ്മയെ കാണാൻ കോടതി അനുമതി നൽകി. ഗർഭിണിയാണെന്ന് ചൂണ്ടിക്കാട്ടി നിത ഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നാസിക് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു.സംഭാജി നഗറിലെ നരെഗാവ്, കൈസർ കോളനിയിലെ ബംഗ്ലാവിൽനിന്നാണ് നിത ഖാനെ അറസ്റ്റ് ചെയ്തത്.
ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (മസ്ജിദ് പാർട്ടി) കോർപറേറ്റർ മതീൻ പട്ടേലുമായി ബന്ധപ്പെട്ടതാണ് ബംഗ്ലാവെന്ന് പൊലീസ് ആരോപിച്ചു. നാല് ദിവസം മുമ്പാണ് മാതാപിതാക്കൾക്കും സഹോദരനും അമ്മയുടെ സഹോദരിക്കുമൊപ്പം നിത ബംഗ്ലാവിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.ഏപ്രിൽ 10ന് ശേഷമാണ് നിത ഒളിവിൽ പോയതെന്നും അവൾ നിരപരാധിയാണെന്ന് ഉറപ്പുള്ളതിനാലും ഗർഭിണി ആയതിനാലുമാണ് ഒളിവിൽ കഴിഞ്ഞതെന്നും മറ്റു നിയമമാർഗങ്ങൾ തേടുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ടി.സി.എസ് മതംമാറ്റ, ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലാകുന്ന എട്ടാമത്തെ ആളാണ് നിത ഖാൻ.
എട്ട് ജീവനക്കാരികൾ അടക്കം ഒമ്പതുപേരാണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനംനൽകി ബലാത്സംഗം ചെയ്തെന്നും മറ്റംമാറ്റത്തിന് നിർബന്ധിച്ചെന്നും ആരോപിച്ച് മുഖ്യപ്രതി ഡാനിഷ് ശൈഖിനെതിരെ 23കാരി നൽകിയ ആദ്യ പരാതിയിലാണ് നിതക്ക് എതിരെ ആരോപണമുള്ളത്.ഹിന്ദു ദൈവങ്ങളെ പരിഹസിച്ചതടക്കം മതനിന്ദ കുറ്റമാണ് ആരോപിക്കപ്പെടുന്നത്. ടി.സി.എസിൽ പ്രോസസ് അസോസിയേറ്റ് മാത്രമായിരുന്ന നിതയെ എച്ച്.ആർ മാനേജറെന്നാണ് ആദ്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.