ധർമസ്ഥല കേസ് എൻ.ഐ.എ അന്വേഷിക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി

മംഗളൂരു: ധർമസ്ഥല കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ‌.ഐ‌.എ) അന്വേഷിക്കണമെന്ന ആവശ്യം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. കേസ് ഇതിനകം തന്നെ സംസ്ഥാന പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ‌.ട) അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു, ജൈന സന്യാസിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

"ഞങ്ങൾ എസ്‌.ഐ.ടി രൂപവത്കരിച്ചു. അവർ പൊലീസാണ്. എൻ.ഐ.എയിൽ ആരൊക്കെയുണ്ട്? അവരും പൊലീസാണ്" -സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, ധർമസ്ഥലയിൽ നടന്ന കൂട്ട ശവസംസ്കാരങ്ങൾ, തിരോധാനങ്ങൾ, സംശയാസ്പദമായ മരണങ്ങൾ എന്നിവ അന്വേഷിക്കുന്ന എസ്‌.ഐ.ടിയുടെ പ്രവർത്തനം ദുർബലപ്പെടുത്താൻ സംഘടിത ശ്രമങ്ങൾ നടക്കുന്നതായി ആരോപണങ്ങളുണ്ട്. ഈ സാഹചര്യത്തിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈകോടതി ജഡ്ജിമാർക്ക് പരാതി നൽകി. "ലഞ്ച്മുക്ത കർണാടക നിർമണ വേദികെ" അംഗം രഘു ജനഗരെയാണ് കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് വിഭു ബഖ്രുവിന് ആ ആവശ്യം ഉന്നയിച്ച് കത്തയച്ചത്.

എസ്‌.ഐ.ടിയുടെ തുടർച്ചയായ അന്വേഷണങ്ങൾ അട്ടിമറിക്കാൻ നിക്ഷിപ്ത താൽപര്യക്കാർ സമ്മർദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ധർമസ്ഥലയിൽ വർഷങ്ങളായി നൂറുകണക്കിന് മൃതദേഹങ്ങൾ അനധികൃതമായി സംസ്‌കരിച്ചിട്ടുണ്ടെന്ന ആരോപണത്തെത്തുടർന്ന് കഴിഞ്ഞ ജൂലൈ 19നാണ് കർണാടക സർക്കാർ എസ്‌.ഐ.ടി രൂപവത്കരിച്ചത്. കഴിഞ്ഞ 25 വർഷമായി നടന്ന തിരോധാനങ്ങളും സംശയാസ്പദമായ മരണങ്ങളും അന്വേഷിക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ ചുമതല. 2012 ഒക്ടോബർ ഒമ്പതിന് പി.യു കോളജ് വിദ്യാർഥിനി സൗജന്യയെ (17) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ആക്ടിവിസ്റ്റുകളുടെ നിരന്തര പ്രതിഷേധങ്ങൾക്കിടയിലും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

ഇരകളെയും ആക്ടിവിസ്റ്റുകളെയും എസ്‌.ഐ.ടിയെ സമീപിക്കുന്നത് തടയാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പകരം, കുടുംബങ്ങളെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനും അതുവഴി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും അവർക്കെതിരെ പൊലീസ് പരാതികൾ ഫയൽ ചെയ്യുകയാണെന്നും കത്തിൽ ആരോപിക്കുന്നു.

മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മട്ടന്നവർ, സമീർ എംഡി, ടി.ജയന്ത് തുടങ്ങിയ പ്രമുഖ ആക്ടിവിസ്റ്റുകളുടെ പേര് നിരവധി പൊലീസ് കേസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാനസിക ആഘാതം അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സുജാത ഭട്ടിനെപ്പോലും ഈ രീതിയിൽ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് ഹർജിയിൽ അവകാശപ്പെട്ടു.

എസ്‌.ഐ.ടിയുടെ പ്രവർത്തനം ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, നിക്ഷിപ്ത താൽപര്യക്കാരും ചില പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണിതെന്ന് ജനഗരെ ആരോപിച്ചു.

Tags:    
News Summary - NIA should not investigate Dharmasthala case -Karnataka Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.