ഹിന്ദു പുരോഹിതന്‍റെ കൊലപാതകം; പ്രതികളുടെ സൂചന നൽകുന്നവർക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ

ചണ്ഡീഗഡ്: കഴിഞ്ഞ വർഷം ജലന്ധറിൽ നടന്ന ഹിന്ദു പുരോഹിതന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെ.ടി.എഫ്) മേധാവിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. 10 ലക്ഷം രൂപയാണ് എൻ.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചത്.

കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ച് മൂന്നാഴ്ചക്ക് ശേഷമാണ് ഹർദീപ് സിങ് നിജ്ജാറിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ രംഗത്തെത്തിയത്. നിജ്ജാർ കാനഡയിലാണ് താമസിക്കുന്നതെന്ന് എൻ.ഐ.എ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ സിഖുകാർ നടത്തുന്ന വിഘടനവാദവും അക്രമാസക്തവുമായ പ്രവർത്തനങ്ങളെ നിജ്ജാർ പ്രോത്സാഹിപ്പിക്കുന്നതായി എൻ.ഐ.എ പറയുന്നു.

ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാൻ സഹായിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എൻ.ഐ.എ അറിയിച്ചു. എൻ.ഐ.എയുടെ ഡൽഹി ആസ്ഥാനത്തും ചണ്ഡീഗഡ് ബ്രാഞ്ച് ഓഫീസിലുമുള്ള ടെലിഫോൺ, വാട്ട്‌സാപ്പ്, ടെലിഗ്രാം നമ്പറുകൾ പ്രതിയെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ നൽകുന്നതിനായി പുറത്തുവിട്ടു.

കഴിഞ്ഞ വർഷം ജനുവരി 31നാണ് ജലന്ധറിലെ ഫില്ലൂരിലെ ഗ്രാമത്തിൽ ഹിന്ദു പുരോഹിതൻ കമൽദീപ് ശർമ്മ കൊല്ലപ്പെട്ടത്. ഇതിൽ നിജ്ജാർ ഉൾപ്പെടെ നാല് പേർക്കെതിരെ ജൂലൈ 5 ന് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2021 ഒക്ടോബർ 8 നാണ് ഇവർക്കെതിരെ എൻ.ഐ.എ കേസെടുത്തത്.

നിജ്ജാറിന്റെയും കൂട്ടാളിയായ പ്രഭിന്റെയും നിർദേശപ്രകാരം പുരോഹിതനെ ആക്രമിച്ച കമൽജീത് ശർമ്മ, രാം സിങ് എന്ന സോന എന്നിവരാണ് കേസിലെ മറ്റ് മൂന്ന് പ്രതികൾ. പുരോഹിതനെ കൊലപ്പെടുത്തി പഞ്ചാബിലെ സമാധാനം തകർക്കാനും സാമുദായിക സൗഹാർദം തകർക്കാനും കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് എൻ.ഐ.എ ആരോപിച്ചു.

Tags:    
News Summary - NIA announces Rs 10 lakh reward on Canada-based KTF terrorist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.