അധികാരം നഷ്ടപ്പെട്ടതിനുശേഷം ആദ്യമായി ഷെയ്ഖ് ഹസീന പൊതുവേദിയിൽ എത്തുന്നു

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരത്തിൽ നിന്ന് പുറത്തായി ഏകദേശം രണ്ട് വർഷത്തിന് ശേഷം ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പ്രത്യക്ഷപ്പെടാനൊരുങ്ങുന്നു. ന്യൂഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്‍റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയുടെ ആഭിമുഖ്യത്തിൽ വെർച്വലായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ തന്‍റെ ഭാവി പദ്ധതികളെക്കുറിച്ചും ബംഗ്ലാദേശിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും ഹസീന സംസാരിക്കുമെന്നാണ് സൂചനയുണ്ട്. ആഗസ്റ്റ് 5ന് വൈകുന്നേരം 6 മണി മുതൽ 7.30 വരെ ന്യൂഡൽഹിയിലെ മഥുര റോഡിലുള്ള സർ മാർക്ക് ടല്ലി ഓഡിറ്റോറിയത്തിലാണ് സംവാദം നടക്കുന്നത്. ക്ലബിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും.

അധികാരം നഷ്ടപ്പെട്ട ശേഷം ഇതാദ്യമാാണ് ഹസീന പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. 2024 ഓഗസ്റ്റ് 5ന് വിവാദമായ ക്വാട്ട സമ്പ്രദായത്തിനെതിരായ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം സർക്കാറിനെതിരായ മുന്നേറ്റമായി മാറുകയും ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ നിർബന്ധിതയാക്കുകയും ചെയ്തു. ധാക്കയിലെ ഔദ്യോഗിക കെട്ടിടങ്ങൾ പ്രക്ഷോഭകർ ആക്രമിച്ച് നശിപ്പിച്ചതിനെത്തുടർന്ന് അവർ ബംഗ്ലാദേശ് വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചു. 16 വർഷം നീണ്ട ഹസീന  ഭരണകൂടത്തിനാണ് പ്രക്ഷോഭത്തോടെ അന്ത്യം കുറിച്ചത്. ഇന്ത്യയിൽ എത്തിയതിനുശേഷം ഹസീന പൊതുപരിപാടികളിൽ നിന്നും ഔദ്യോഗിക മാധ്യമ ഇടപെടലുകളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. 

ഹസീനയുടെ മകനും ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയുടെ ഐ.സി.ടി ഉപദേഷ്ടാവുമായ സജീബ് വാജേദ് ജോയ്, ബംഗ്ലാദേശ് മുൻ വിദ്യാഭ്യാസ മന്ത്രി മൊഹിബുൾ ഹസൻ ചൗധരി നൗഫൽ, ബംഗ്ലാദേശ് ഹ്യൂമൻ റൈറ്റ്സ് വാച്ച് ജനറൽ സെക്രട്ടറി മുഹമ്മദ് അലി സിദ്ദിഖ് എന്നിവർ ഹസീനക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് താരവും മുൻ പാർലമെന്‍റ് അംഗവുമായ ഷാകിബ് അൽ ഹസൻ, മുൻ നയതന്ത്രജ്ഞനും സുരക്ഷാ വിശകലന വിദഗ്ദനുമായ അമിനുൾ ഹോഖ് പൊളാഷ്, രാഷ്ട്രീയ, ഭീകരവാദ വിരുദ്ധ വിശകലന വിദഗ്ദനായ അബു ഒബൈദ അറിൻ, ബംഗ്ലാദേശ് ഹ്യൂമൻ റൈറ്റ്സ് വാച്ച് യു.എസ്.എ ഡയറക്ടർ ഷാ മുഹമ്മദ് ബക്തിയാർ എന്നിവരും ഈ പാനലിലുണ്ട്.

ഹസീന പുറത്താക്കപ്പെട്ടതിനുശേഷം ബംഗ്ലാദേശിന്‍റെ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം 2026 ഫെബ്രുവരിയിലെ പൊതുതെരഞ്ഞെടുപ്പോടെ അവസാനിച്ചു. ഇത് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) സർക്കാറിന് വഴിയൊരുക്കി. മുൻ അവാമി ലീഗ് സർക്കാറിലെ നിരവധി നേതാക്കൾക്കെതിരെയുള്ള നിയമനടപടികൾ പുതിയ ഭരണകൂടം തുടരുന്നുണ്ട്. കോടതി നടപടികൾ തീരുന്നതുവരെ രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരം പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ വിലക്കപ്പെട്ടിരിക്കുകയാണ്.

Tags:    
News Summary - Former Bangladesh Prime Minister Sheikh Hasina makes first public appearance since losing power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.