വാർത്താ സമ്മേളനത്തിനിടെ പപ്പു യാദവിന് നേരെ ചെരിപ്പേറ്; അക്രമിയെത്തിയത് കത്തിയുമായെന്ന് എം.പി, പ്രതിഷേധം
ന്യൂഡൽഹി: ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ബിഹാറിലെ പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എം.പിയായ പപ്പു യാദവിന് നേരെ ചെരിപ്പേറ്. എം.പിക്കുനേരെ യുവാവ് ആദ്യം ചെരിപ്പെറിഞ്ഞതായും സംഘർഷത്തിനിടെ കത്തി പുറത്തെടുത്തതായും പപ്പു യാദവും അനുയായികളും ആരോപിച്ചു.
ചെരിപ്പ് എറിഞ്ഞതിനെ തുടർന്ന് പപ്പു യാദവിന്റെ അനുയായികളും പ്രതിഷേധക്കാരനും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പിന്നാലെ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും ചേർന്ന് കീഴ്പ്പെടുത്തി പൊലീസിന് കൈമാറി. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ സ്വദേശിയായ സുമിത് ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. രാമക്ഷേത്ര സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് പപ്പു യാദവ് നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവാവിന്റെ കൈവശം കത്തി ഉണ്ടായിരുന്നോ, യുവാവ് എങ്ങനെ സംഭവസ്ഥലത്ത് എങ്ങനെയെത്തി തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
തന്നെ കൊല്ലാൻ കത്തിയുമായാണ് യുവാവ് വന്നതെന്നും ആസൂത്രിതമായ ഗൂഢാലോചനയാണെന്നും സംഭവത്തിന് പിന്നാലെ പപ്പു യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘അയാൾ എന്നെ കൊല്ലാൻ കത്തിയുമായാണ് വന്നത്. ഇത് ആസൂത്രിത ഗൂഢാലോചനയാണ്. ദിവസേന സാമൂഹിക മാധ്യമങ്ങളിലൂടെ എനിക്കെതിരെ വധഭീഷണികൾ ഉയരുകയാണ്’ -പപ്പു യാദവ് പറഞ്ഞു. ചില മതനേതാക്കൾ തന്നെ കൊല്ലാൻ ആഹ്വാനം ചെയ്യുകയാണെന്നും പപ്പു യാദവ് ആരോപിച്ചു.
അതേസമയം, ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പപ്പു യാദവിന്റെ മീഡിയ കോർഡിനേറ്റർ രംഗത്തെത്തി. എം.പിക്ക് നേരെ ഭീഷണിയുണ്ടെന്ന വിവരം നേരത്തെ തന്നെ ഡെപ്യൂട്ടി പൊലീസ് കമിഷണറെ അറിയിച്ചിരുന്നുവെന്നും മതിയായ സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. സംഘർഷത്തിനിടെ പൊലീസുകാർ എം.പിയെ സംരക്ഷിക്കുന്നതിന് പകരം അക്രമിയെ മാറ്റിക്കൊണ്ടുപോകാനാണ് ശ്രദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പപ്പു യാദവിന്റെ അനുയായികൾ സുമിതിനെ കൈമാറിയപ്പോൾ ഒരു കത്തിയും കൈമാറിയതായി പൊലീസ് പറഞ്ഞു. എന്നാൽ ആക്രമണശ്രമം എങ്ങനെയാണ് നടന്നത്, കത്തി ഉപയോഗിക്കാൻ ശ്രമിച്ചോ തുടങ്ങിയ കാര്യങ്ങൾ സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സ്ഥിരീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.