ന്യൂഡൽഹി: ജൂലൈ 20ലെ പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ അതിക്രമങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് വിദ്യാർഥികൾ ഉപയോഗിച്ച ഭാഷയെച്ചൊല്ലി വിവാദമുണ്ടാക്കുന്നതെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറ വിമർശിച്ചു. പൊലീസ് നടപടിക്ക് ഉത്തരവാദികളായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി, ഡൽഹി പൊലീസ് കമീഷണറെ മാറ്റുക എന്നീ ആവശ്യങ്ങളുമായി മുന്നോട്ടുപോകുമെന്നും വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ നേഹ പറഞ്ഞു.
വിദ്യാർഥിപ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നിലപാടിനെ നേഹ സ്വാഗതം ചെയ്തു. വരുംദിവസങ്ങളിൽ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കായി ഇടതുപക്ഷസംഘടനകളും മറ്റ് പ്രതിപക്ഷ വിദ്യാർഥി-രാഷ്ട്രീയ കൂട്ടായ്മകളും ഒന്നിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും നേഹ പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചക്കെതിരായ ജന്തർ മന്തർ സമരം കാമ്പസുകളിൽ വർഷങ്ങളായി ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ നടത്തുന്ന പോരാട്ടങ്ങളുടെ തുടർച്ചയാണ്. ഇതൊരു പെട്ടെന്നുള്ള രാഷ്ട്രീയ ഉയിർത്തെഴുന്നേൽപ്പല്ല, മറിച്ച് വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾക്കെതിരെയുള്ള സ്വാഭാവിക പ്രതികരണമാണ്. സമരത്തിന്റെ ഭാഗമായി നേഹ ജന്തർ മന്തറിൽ 23 ദിവസം നീണ്ട നിരാഹാരസമരം അനുഷ്ഠിച്ചിരുന്നു. അത്രയും ദിവസം ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചതിനാൽ തന്റെ ശരീരം ഇപ്പോഴും സാധാരണ ഭക്ഷണരീതിയോട് പൂർണമായി പൊരുത്തപ്പെട്ടിട്ടില്ലെന്ന് നേഹ പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ചും കസ്റ്റഡിയിലായ വിദ്യാർഥികളുടെ മോചനത്തിനായി താൻ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.