ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്ത് സ്വകാര്യ നിക്ഷേപ പദ്ധതികളിൽ രേഖപ്പെടുത്തിയത് വൻ ഇടിവ്. 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപമാണ് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രേഖപ്പെടുത്തിയത്. ആകെ 44,300 കോടിയുടെ പുതിയ നിക്ഷേപം മാത്രമാണ് കോർപറേറ്റുകൾ പ്രഖ്യാപിച്ചതെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കുകൾ പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്കേറ്റ തിരിച്ചടിയടക്കം വിഷയങ്ങളാണ് വൻകിട സ്വകാര്യ കമ്പനികളെ പുതിയ പദ്ധതി പ്രഖ്യാപനങ്ങളിൽനിന്ന് പിന്തിരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ നിരീക്ഷിച്ച് മാത്രമാകും കൂടുതൽ നിക്ഷേപങ്ങൾ സംബന്ധിച്ച് തീരുമാനങ്ങളുണ്ടാവുകയെന്നാണ് കരുതപ്പെടുന്നത്.
2023 -24 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ 7.9 ലക്ഷം കോടിയുടെ പുതിയ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള അവസാന പാദത്തിൽ അത് 12.35 ലക്ഷം കോടിയായി ഉയർന്നു. 27.1 ലക്ഷം കോടിയെന്ന 10 വർഷത്തെ റെക്കോഡ് നിക്ഷേപ പ്രഖ്യാപനത്തിനാണ് കഴിഞ്ഞവർഷം സാക്ഷ്യംവഹിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇക്കുറി കോർപറേറ്റുകൾ പദ്ധതി പ്രഖ്യാപനത്തിൽ കൂടുതൽ ജാഗരൂകരായി. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട വൻകിട പദ്ധതികൾ പൂർത്തിയാകാത്തതും നിക്ഷേപകരെ പുതിയ പ്രഖ്യാപനങ്ങളിൽനിന്ന് പിന്തിരിപ്പിക്കുന്ന ഘടകമാണ്.
ബാങ്കിങ് മേഖലയിലും മെല്ലപ്പോക്ക് ദൃശ്യമാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ ആദ്യപാദത്തിൽ 2.86 ലക്ഷം കോടിയുടെ കോർപറേറ്റ് ബോണ്ടുകളാണ് പുതുതായി അവതരിപ്പിക്കപ്പെട്ടത്. ഇത് ഇത്തവണ 1.73 ലക്ഷം കോടിയായി കുറഞ്ഞു. ബാങ്ക് വായ്പ നിരക്കിലും കാര്യമായ കുറവുണ്ടായി. വായ്പനിരക്കിൽ കഴിഞ്ഞ വർഷം 2.5 ശതമാനം വളർച്ച ഉണ്ടായിടത്ത് ഇക്കുറി ആദ്യപാദത്തിൽ 1.7 ശതമാനമായി കുറഞ്ഞു. വ്യോമഗതാഗത മേഖലയിലും പുനരുപയോഗ ഊർജ മേഖലയിലും അൽപകാലം കൂടി മാന്ദ്യം തുടർന്നേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.