ഒരുവർഷ കരാർ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി; രാജ്യത്ത് പുതിയ തൊഴിൽ കോഡുകൾ പ്രാബല്യത്തിൽ, പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് തൊഴിലാളി സംഘടനകൾ

ന്യൂഡൽഹി: സ്ത്രീകള്‍ക്ക് രാത്രികാല ഷിഫ്റ്റുകൾ, 40 പിന്നിട്ട തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യപരിശോധന എന്നിവയടക്കം പരിഷ്‍കാരങ്ങളുമായി രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. പ്രൊവിഡന്റ് ഫണ്ടിലും ഗ്രാറ്റുവിറ്റിയിലുമാണ് നിർണായക മാറ്റങ്ങൾ. അതേസമയം, തൊഴിലാളികളുടെ ജോലി സുരക്ഷ കുറയുന്നു എന്ന് കാട്ടി ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് തൊഴിലാളി സംഘടനകൾ.

അഞ്ചുവർഷംമുമ്പ് പാർലമെന്റ് പാസാക്കിയ നിയമങ്ങളാണ് ശനിയാഴ്ച പ്രാബല്യത്തിൽ വന്നത്. ചെറിയ ശമ്പളം വാങ്ങുന്നവർക്ക് അനുകുലമായി പ്രൊവിഡന്റ് ഫണ്ടിലുള്ള മാറ്റങ്ങളാണ് പ്രധാനം. പി.എഫിന് ആനുപാതികമായി അടിസ്ഥാന ശമ്പളത്തിലെ വർദ്ധനവാണ് തൊഴിലാളിക്ക് ലഭിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം. തൊഴിലാളിക്കായി കമ്പനി നീക്കിവെക്കുന്ന ആകെ തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന തുകയോ ആയിരിക്കണം തൊഴിലാളികളുടെ ബേസിക് പേ എന്നാണ് പുതിയ ലേബർ കോഡിൽ പറയുന്നത്.

ഇങ്ങനെ ബേസിക് പേ കണക്കാക്കുന്നതോടെ പി.എഫിലേക്കുള്ള തൊഴിലാളിയുടേയും തൊഴിലുടമയുടേയും സംഭാവന വർധിക്കും. സമാനമായി, ബേസിക് പേ ഉയരുന്നതിന് ആനുപാതികമായി ഗ്രാറ്റുവിറ്റിയും ഉയരും. കരാർ ജീവനക്കാരുടെയും ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ജോലി ചെയ്യുന്നവരുടേയുമടക്കം തൊഴിൽ സുരക്ഷ പുതിയ നിയമം ഉറപ്പുവരുത്തുന്നുണ്ട്. പുതിയ കോഡ് പ്രകാരം ഒരു വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്താൽ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകും.

പ്രധാന മാറ്റങ്ങൾ ഇങ്ങനെ

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും സമ​ഗ്രമായ കേന്ദ്രീകൃത തൊഴിൽ പരിഷ്കാരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിൽ കോഡുകളെ വിശേഷിപ്പിച്ചത്. രാജ്യത്തെ 29 തൊഴിൽ നിയമങ്ങളും മറ്റ് അനവധി ചട്ടങ്ങളും ഏകീകരിച്ചാണ് നാല് തൊഴിൽ കോഡുകൾ കൊണ്ടുവന്നത്. സാമൂഹികസുരക്ഷ പരാമർശിക്കുന്ന സോഷ്യൽ കോഡ്, വേതനവ്യവസ്ഥകൾ പറയുന്ന വേജ് കോഡ്, വ്യവസായബന്ധം വിശദീകരിക്കുന്ന ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, തൊഴിലാളി – ഫാക്ടറി സുരക്ഷ വിവരിക്കുന്ന സുരക്ഷാ കോഡ് എന്നിവയാണിവ. എംപ്ലോയീസ് കോംപൻസേഷൻ നിയമം, ഇ.എസ്.ഐ നിയമം, ഇ.പി.എഫ് നിയമം, മറ്റേണിറ്റി ബെനഫിറ്റ് നിയമം, ഗ്രാറ്റുവിറ്റി നിയമം തുടങ്ങിയവയടക്കം ഒമ്പത് നിയമങ്ങൾ ഇല്ലാതാകും. റദ്ദാക്കപ്പെടുന്ന നിയമങ്ങൾ വഴി ജീവനക്കാർക്കു ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതേപടി പുതിയ കോഡ് പ്രകാരവും ലഭിക്കും. പുതിയ നിയമപ്രകാരം തൊഴിലുടമയും ഭൂരിപക്ഷം ജീവനക്കാരും അപേക്ഷിക്കുന്നപക്ഷം, 10 ജീവനക്കാരില്ലാത്ത ചെറിയ സ്ഥാപനങ്ങൾക്കും ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭ്യമാകും.

എന്താണ് ഗ്രാറ്റുവിറ്റി?

ദീർഘകാല സേവനത്തിനുള്ള നന്ദി സൂചകമായി തൊഴിലുടമ ഒരു ജീവനക്കാരന് നൽകുന്ന തുകയാണ് ഗ്രാറ്റുവിറ്റി. പരമ്പരാഗതമായി, അഞ്ച് വർഷത്തെ തുടർച്ചയായ സേവനത്തിന് പിന്നാലെ, വിരമിക്കുന്നവരോ രാജി വെക്കുന്നവരോ പിരിച്ചുവിടപ്പെടുന്ന​വരോ ആയ ജീവനക്കാർക്കാണ് ഗ്രാറ്റുവിറ്റിക്ക് അർഹതയുളളത്.

അതേസമയം, നിശ്ചിതകാല കരാർ ജീവനക്കാർ പോലുള്ളവർക്ക് ചില സാഹചര്യങ്ങളിൽ ഒരു വർഷത്തെ സേവനത്തിന് ശേഷം ഗ്രാറ്റുവിറ്റിക്ക് യോഗ്യത നൽകുന്നതാണ് പുതിയ തൊഴിൽ നിയമങ്ങൾ.

ഗ്രാറ്റുവിറ്റി യോഗ്യത പുതിയ ലേബർ കോഡിൽ 

ഗ്രാറ്റുവിറ്റി പേയ്‌മെന്റ് ആക്ട് നിശ്ചയിച്ച മുൻ നിയമങ്ങൾ പ്രകാരം, നിശ്ചിതകാല ജീവനക്കാർക്ക് അഞ്ച് വർഷത്തെ തുടർച്ചയായ ജോലിക്ക് ശേഷം മാത്രമേ ആനുകൂല്യത്തിന് യോഗ്യത ലഭിക്കൂ. പുതിയ തൊഴിൽ നിയമങ്ങളി​ലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ് ഗ്രാറ്റുവിറ്റി യോഗ്യതയിലെ ലഘൂകരണം.

പുതിയ കോഡുകൾ ഈ മാനദണ്ഡങ്ങളിൽ ഇളവ് കൊണ്ടുവരുന്നു, ഒരു വർഷത്തെ സേവനം പൂർത്തിയാക്കിയ നിശ്ചിത കാല കരാർ ജീവനക്കാർക്ക് (ഫിക്സഡ് ടേം എംപ്ളോയീസ്) ഗ്രാറ്റുവിറ്റി അവകാശം ലഭ്യമാക്കുന്നതാണ് പുതിയ തൊഴിൽ നിയമം.

സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരും തമ്മിൽ തുല്യത ഉറപ്പാക്കുക എന്നതാണ് നിയമങ്ങൾ ലക്ഷ്യമിടുന്നത്. പുതുക്കിയ വ്യവസ്ഥകൾ നിശ്ചിത കാല കരാർ ജീവനക്കാർക്ക് സ്ഥിരം തൊഴിലാളികളുടെ അതേ ശമ്പള ഘടനയും അവധി അവകാശങ്ങൾ, മെഡിക്കൽ ആനുകൂല്യങ്ങൾ, സാമൂഹിക സുരക്ഷാ പരിരക്ഷ എന്നിവയും ഉറപ്പുനൽകുന്നു.

കൂടാതെ, ഗ്രാറ്റുവിറ്റി, പെൻഷൻ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ കണക്കാക്കുന്നതിൽ സ്ഥിരത ഉറപ്പാക്കി മൊത്തം പ്രതിഫലത്തിന്റെ 50 ശതമാനം (വിജ്ഞാപനം ​പ്രതീക്ഷിക്കുന്നു) വേതനം കണക്കാക്കുന്നതിലേക്ക് തിരികെ ചേർക്കും. കയറ്റുമതി മേഖലയിലെ കരാർ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് (പി.എഫ്), മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.

പുതിയ തൊഴിൽ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ

  • ആഴ്ചയിൽ ആകെ 48 മണിക്കൂറിൽ കൂടാത്തിടത്തോളം, തൊഴിൽദാതാവിന് ഇപ്പോൾ ഒരു ദിവസം എട്ടുമുതൽ 12 മണിക്കൂർ വരെയുള്ള ഷിഫ്റ്റുകളിൽ തൊഴിലാളികളെ നിയമിക്കാൻ കഴിയും.
  • നേരത്തെ, ദിവസേനയുള്ള ഷിഫ്റ്റുകളുടെ പരമാവധി സമയം ഒമ്പത് മണിക്കൂറായിരുന്നു. ഓവർടൈമിന് സാധാരണ വേതന നിരക്കിന്റെ ഇരട്ടി ശമ്പളം ലഭിക്കും.
  • കരാറുകാർക്ക് രാജ്യത്തെല്ലായിടത്തും പ്രവർത്തനം അനുവദിക്കുന്ന അഞ്ച് വർഷത്തെ സാധുതയുള്ള ഏകീകൃത ലൈസൻസ്.
  • പുതിയ ലേബർ കോഡുകൾ ആദ്യമായി ഗിഗ്, പ്ലാറ്റ്‌ഫോം ജോലികളെ ഔപചാരികമായി നിർവചിക്കുന്നു, ഈ തൊഴിലാളികളെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെ പരിധിയിൽ കൊണ്ടുവരുന്നു.
  • ജോലിസ്ഥലം കൂടുതൽ സൗഹൃദപരമാക്കുന്നതിനായി, തൊഴിലുടമകളും ജീവനക്കാരും തമ്മിൽ പരസ്പര കരാറിന്റെ അടിസ്ഥാനത്തിൽ സേവന മേഖലകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള വ്യവസ്ഥ.

വേ​ത​നം, സാ​മൂ​ഹി​ക സു​ര​ക്ഷ, തൊ​ഴി​ലി​ട​ത്തി​ലെ സു​ര​ക്ഷ, ആ​രോ​ഗ്യ-​​തൊ​ഴി​ൽ സാ​ഹ​ച​ര്യങ്ങളിലെ മാറ്റങ്ങൾ എന്നിവ ​പുതിയ തൊഴിൽ നിയമങ്ങൾ ഉറപ്പുവരുത്തുന്നുവെന്നാണ് കേ​ന്ദ്രസർക്കാറിന്റെ അവകാശവാദം. അതേസമയം, പുതിയ നിയമപ്രകാരം 12 മണിക്കൂർ വരെയാണ് തൊഴിൽ സമയം. നിയമങ്ങൾ ലളിതമാക്കിയതിലൂടെ തൊഴിലാളികളുടെ ജോലി സുരക്ഷ കുറയുമെന്നു കാട്ടി 10 പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags:    
News Summary - new labour laws comes in to existance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.