വിദേശത്ത് നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആറും ക്വാറന്‍റീനും ആവശ്യമില്ല, വാക്​സിൻ സർട്ടിഫിക്കറ്റ്​ മതിയാകും; മാർഗനിർദേശം പുതുക്കി കേന്ദ്രം

ന്യൂഡൽഹി: വിദേശത്ത് നിന്നെത്തുന്നവർക്ക് നിർദേശിച്ചിരുന്ന ഏഴ് ദിവസം ക്വാറന്‍റീൻ കേന്ദ്ര സർക്കാർ ഒഴിവാക്കി. പകരം, 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിർദേശം. റിസ്ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്. വാക്​സിനെടുത്തവർക്ക്​ ആർ.ടി.പി.സി.ആർ റിസൾട്ടിന്​ പകരം വാക്​സിൻ സർട്ടിഫിക്കറ്റ്​ മതി. യാത്രക്ക് മുമ്പായി ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ആവശ്യമില്ല. ഫെബ്രുവരി 14 മുതൽ പുതിയ മാർഗനിര്‍ദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിൽ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ നൽകുന്ന രാജ്യങ്ങൾക്കും ഇന്ത്യക്കാർക്ക് ക്വാറന്‍റീൻ ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്കുമാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ടിന് പകരം വാക്സിൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാൻ അനുവാദമുള്ളത്. 82 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വാക്​സിൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ​ ആർ.ടി.പി.സി.ആർ ഫലം ഇനി നിർബന്ധമല്ലാത്തത്. എന്നാൽ, കുവൈത്തും യു.എ.ഇയും ചൈനയും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇവിടെനിന്നുള്ളവർ 72 മണിക്കൂറിനിടയിലുള്ള ആർടിപി.സി.ആർ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യേണ്ടിവരും. 

വിദേശത്തുനിന്നെത്തുന്നവർ എയർ സുവിധ പോർട്ടലിൽ ലഭ്യമായ സത്യവാങ്മൂലം ഓൺലൈനായി പൂരിപ്പിച്ച് നൽകണം. രണ്ടാഴ്ചത്തെ യാത്രാവിവരങ്ങളും വ്യക്തമാക്കണം. നേരത്തെ, ഇന്ത്യയിലെത്തി ഏഴു ദിവ​സത്തെ ക്വാറൻീനിന്​ ശേഷം ആർ.ടി.പി.സി.ആർ വേണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. ഇപ്പോൾ അതും ഒഴിവാക്കിയിട്ടുണ്ട്​. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശയാത്രക്കാര്‍ ഏഴ് ദിവസം വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയണമെന്നുള്ള മാർഗനിർദേശം കേന്ദ്രസർക്കാർ കഴിഞ്ഞ മാസമാണ് പുറത്തിറക്കിയത്. എട്ടാം ദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു നിര്‍ദേശം. 

24 മണിക്കൂറിനിടെ 67,084 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 4.44 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ ആശങ്കയുയർത്തി മരണ നിരക്ക് കൂടുന്നുണ്ട്. 1,241 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്.


Tags:    
News Summary - New Covid guidelines for int'l arrivals: No 7-day quarantine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.