ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ നാ​യ്ക്ക​ളി​ലൊ​ന്ന്​ അ​വ​ശ​നി​ല​യി​ൽ

വന്ധ്യംകരണ ശസ്ത്രക്രിയ: 85 തെരുവുനായ്ക്കൾ ചത്തു

ബംഗളൂരു: സൗത്ത് ബംഗളൂരുവിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ 85 തെരുവുനായ്ക്കൾ മതിയായ വൈദ്യസഹായം ഇല്ലാത്തതിനാൽ ചത്തുവെന്ന് ആരോപണം.സാമൂഹിക പ്രവർത്തക നവിന കാമത്ത് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. ശസ്ത്രക്രിയ നടത്തിയ നായ്ക്കൾക്ക് അണുബാധയേൽക്കാതിരിക്കാനും രോഗപ്രതിരോധ ശേഷി ഉയർത്താനും നിർബന്ധമായും നൽകേണ്ട കുത്തിവെപ്പ് നൽകാത്തതിനാലാണ് ഇത്രയധികം നായ്ക്കൾ ചത്തതെന്ന് പരാതിയിൽ പറയുന്നു.

മൃഗസംരക്ഷണ വകുപ്പിലെ അസി. ഡയറക്ടറായ ഡോ. എം.ജി. ഹള്ളി ശിവറാമാണ് ഇതിന് കാരണമെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. ശിവറാമിന്‍റെ കീഴിലുള്ള സംഘമാണ് ഈ മേഖലയിലെ നായ്ക്കൾക്ക് ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷം തെരുവിലേക്ക് വിട്ടയച്ച പല നായ്ക്കളും രോഗംമൂലം പ്രയാസപ്പെടുകയായിരുന്നു.

തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നവരും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും മുഖേനയാണ് താൻ ഇക്കാര്യം അറിയുന്നതെന്നും നവിന കാമത്ത് പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇത്രയും നായ്ക്കൾ ചത്തത്. 2001ലെ എ.ബി.സി ഡോഗ്സ് റൂൾ പ്രകാരമുള്ള നടപടിക്രമങ്ങൾ ബി.ബി.എം.പി പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്.

ചാമരാജ്പേട്ടിലെ അനിമൽ ബർത്ത് കൺട്രോൾ സെന്‍റർ ആശുപത്രിയിലാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷം മതിയായ കാലാവധി തികയാതെതന്നെ നായ്ക്കളെ തെരുവിലേക്ക് വിടുകയായിരുന്നു. പ്രതിരോധ കുത്തിവെപ്പ് നൽകാത്തതിനാൽ കനിയൻ ഡിസ്റ്റംബർ പോലുള്ള സാംക്രമിക രോഗങ്ങൾ നായ്ക്കൾക്ക് പിടിപെടുകയായിരുന്നു.

തുടർന്ന് ആഴ്ചകൾക്കുള്ളിൽ നായ്ക്കൾ ചത്തു. നായ്ക്കൾക്ക് കുത്തിവെപ്പ് നൽകണമെന്ന് ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥിനെ നേരിൽകണ്ട് അഭ്യർഥിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.

അതേസമയം, ബി.ബി.എം.പിയിലേക്ക് ഡെപ്യൂട്ടേഷനിൽ വന്ന മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറാണ് താനെന്നും കുത്തിവെപ്പിനുള്ള മരുന്ന് വാങ്ങുക എന്നത് ബി.ബി.എം.പിയുടെ ചുമതലയാണെന്നും തന്‍റേതല്ലെന്നും ഡോ. ശിവറാം പറഞ്ഞു. ഇത്രയധികം നായ്ക്കൾ ചത്തതിനെപ്പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Neuter surgery: 85 stray dogs die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.